കോവിഡ് കേസുകൾ വർധിക്കുന്നു; കേരളമടക്കം അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രം
Thu, 16 Mar 2023

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തെക്കൂടാതെ മഹാരാഷ്ട്ര, തെലുങ്കാന, ഗുജറാത്ത്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. കോവിഡ് പടരാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രം അയച്ച കത്തിൽ ആവശ്യപ്പെട്ടു.രാജ്യത്ത് സജീവമായ കൊറോണ വൈറസ് കേസുകൾ 426ൽനിന്ന് 4,623 ആയി വർധിച്ച ദിവസമാണ് മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ്. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ, അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.അതേസമയം കേരളത്തിൽ പ്രതിവാര കേസുകൾ മാർച്ച് 15ന് 579 ആയി ഉയർന്നു. മാർച്ച് എട്ട് വരെ പ്രതിവാര കേസുകൾ 434 ആയിരുന്നു. പോസിറ്റിവിറ്റി നിരക്ക് 0.61ൽനിന്ന് 2.64 ആയെന്നും കേന്ദ്രം അറിയിച്ചു.