കോഴിക്കോട്: നിരന്തരമായി വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോൺഗ്രസ് ഡി.ജി.പിക്ക് പരാതി നൽകി. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും ചങ്ങരോത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എസ്. സുനന്ദാണ് പരാതിക്കാരൻ. വെള്ളാപ്പള്ളിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെ തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ 'തീവ്രവാദി' എന്ന് വിളിച്ച് വെള്ളാപ്പള്ളി അധിക്ഷേപിച്ചതായി പരാതിയിൽ പറയുന്നു. പേര് നോക്കി വ്യക്തികളെ തീവ്രവാദികളായി മുദ്രകുത്തുന്നത് സമൂഹത്തിൽ വിദ്വേഷം പടർത്തുമെന്നും സുനന്ദ് ആരോപിച്ചു.
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും മുസ്‌ലിം ലീഗിനെക്കുറിച്ചും വെള്ളാപ്പള്ളി നടത്തുന്ന പ്രസ്താവനകൾ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.മുസ്‌ലിം ലീഗ് അധികാരത്തിൽ വന്നാൽ 'മാറാട് മോഡൽ' കലാപത്തിന് ശ്രമിക്കുമെന്ന വെള്ളാപ്പള്ളിയുടെ പുതിയ പ്രസ്താവനയും വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.
പോലീസ് കേസെടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും എസ്. സുനന്ദ് വ്യക്തമാക്കിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾക്കെതിരെ കോൺഗ്രസ്, മുസ്‌ലിം ലീഗ്, സി.പി.ഐ നേതാക്കളും രംഗത്തെത്തിയിരുന്നു. അതേസമയം, താൻ പറയുന്നത് സത്യമാണെന്നും സാമൂഹിക നീതിയെക്കുറിച്ച് സംസാരിക്കുമ്പോൾ തന്നെ വർഗീയവാദിയായി ചിത്രീകരിക്കുകയാണെന്നുമാണ് വെള്ളാപ്പള്ളിയുടെ നിലപാട്.