

ന്യൂഡൽഹി: ഇൻഡോറിലെ കുടിവെള്ളത്തിൽ മലിനജലം കലർന്ന് പത്തുപേർ മരിച്ച സംഭവത്തിൽ ബിജെപി സർക്കാരുകൾക്കെതിരെ കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾക്ക് വിതരണം ചെയ്തത് വെള്ളമല്ല, മറിച്ച് വിഷമാണെന്നും അധികൃതർ കുംഭകർണ്ണനെപ്പോലെ ഉറങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാരാണ് ഈ ദുരന്തത്തിന് ഉത്തരവാദിയെന്നും മധ്യപ്രദേശ് ഇപ്പോൾ ദുർഭരണത്തിന്റെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.സാധാരണക്കാർ മരിച്ചുവീഴുമ്പോൾ പതിവുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.
എങ്ങനെയാണ് കുടിവെള്ളത്തിൽ മലിനജലം കലർന്നതെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരെ എപ്പോഴാണ് കർശന നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം ചോദിച്ചു.പാവപ്പെട്ടവർ നിസ്സഹായരായി നിൽക്കുമ്പോൾ ഹൃദയശൂന്യരായ ഭരണാധികാരികൾ മോശം പരാമർശങ്ങൾ നടത്തി അവരെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡോറിലെ പൈപ്പ് ലൈനിലെ ചോർച്ച വഴി മലിനജലം കലർന്നതാണ് ദുരന്തത്തിന് കാരണമായത്. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ മാറ്റാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിനെക്കൂടി ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വന്നിരിക്കുന്നത്.