

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ സി.പി.എം - കോൺഗ്രസ് ബന്ധത്തെ പരിഹസിച്ച് പുതിയ പാരഡി വരികളുമായി കെ. സുരേന്ദ്രൻ രംഗത്ത്. "സ്വർണ്ണം കട്ടവരാരപ്പാ സഖാക്കളാണേ അയ്യപ്പാ, സ്വർണ്ണം വിറ്റതാർക്കപ്പാ കോൺഗ്രസിനാണേ അയ്യപ്പാ" എന്ന വരികളിലൂടെ ഇരുമുന്നണികളും ചേർന്ന് ലാഭം കൊയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.(K Surendran with new lyrics to the parody song, allegation against Sonia Gandhi on Sabarimala gold theft case)
കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയാ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ദുരൂഹതയുണ്ട്. സോണിയാ ഗാന്ധിയുടെ ഇറ്റലിയിലെ ബന്ധുക്കൾക്ക് വിഗ്രഹങ്ങളുടെയും പുരാവസ്തുക്കളുടെയും കച്ചവടമുണ്ടെന്ന് ആരോപിച്ച സുരേന്ദ്രൻ, ഈ ബന്ധം ഉപയോഗിച്ചാണോ അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണം വിറ്റതെന്ന് ചോദിച്ചു.
മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിന് പിന്നാലെ അന്വേഷണ സംഘത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. സി.പി.എം ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണം അട്ടിമറിക്കാനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നത്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്നുള്ള പുരാവസ്തുക്കൾ കടത്തിയതുമായി ബന്ധപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചില സൂചനകളുണ്ട്. ഈ കേസിന് രാജ്യാന്തര ബന്ധമുള്ളതിനാൽ കേന്ദ്ര ഏജൻസികൾ തന്നെ അന്വേഷിക്കണം.
ആന്റോ ആന്റണിയും അടൂർ പ്രകാശും പോറ്റിക്കൊപ്പം പോയത് വിപണനത്തിന് സ്വാധീനം ചെലുത്താനാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദം ഓരോ ദിവസവും മറ്റു തലങ്ങളിലേക്ക് പോകുന്ന കാഴ്ച്ചയാണ് കാണുന്നത്.