

വാഷിങ്ടൻ: വിലക്കയറ്റത്തിനും സാമ്പത്തിക തകർച്ചയ്ക്കുമെതിരെ ഇറാനിൽ നടക്കുന്ന പ്രക്ഷോഭത്തിൽ ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനപരമായി തെരുവിലിറങ്ങുന്നവർക്ക് നേരെ വെടിവയ്പ്പോ അക്രമമോ ഉണ്ടായാൽ അമേരിക്ക അവരുടെ രക്ഷയ്ക്കെത്തുമെന്ന് ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കി.(Trump supports protesters in Iran, says will intervene if there is shooting or violence)
സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇതുവരെ ഏഴു പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പടിഞ്ഞാറൻ ഇറാനിലെ ലോർദ്ഗൻ, ഇസ്ഫഗാൻ എന്നിവിടങ്ങളിലാണ് സംഘർഷം രൂക്ഷം. ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ അധികൃതർ സ്ഥിരീകരിച്ചു.
പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം ഇറാന്റെ സാമ്പത്തിക ഭദ്രത തകർത്തു. കറൻസി മൂല്യം ഇടിയുകയും ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായി ഉയരുകയും ചെയ്തു. ഭക്ഷണസാധനങ്ങൾക്കും അത്യാവശ്യ വസ്തുക്കൾക്കും വില കുതിച്ചുയർന്നതോടെ വ്യാപാരികളാണ് ആദ്യം കടകളടച്ച് പ്രതിഷേധിച്ചത്. പിന്നീട് വിദ്യാർത്ഥികൾ ഏറ്റെടുത്തതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി.