ജാംനഗർ: രണ്ടു വർഷത്തോളമായി ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവ് അതിക്രൂരമായി കൊല്ലപ്പെട്ടതായി പോലീസ് വെളിപ്പെടുത്തൽ. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ജിഗ്നേഷ് മവാദിയ എന്ന യുവാവിനെ സയനൈഡ് നൽകി കൊലപ്പെടുത്തി വ്യാവസായിക മേഖലയിലെ ഫാക്ടറിക്ക് താഴെ 12 അടി ആഴമുള്ള കുഴിയിൽ കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തിൽ ജിഗ്നേഷിന്റെ ഭാര്യ പൃഥ്വി, കാമുകൻ നിലേഷ് മൻസുഖ് കച്ചാതിയ, ഇയാളുടെ സുഹൃത്ത് ബൽറാം ദേവിറാം വർമ്മ എന്നിവരെ ജാംനഗർ പോലീസ് അറസ്റ്റ് ചെയ്തു.(Jamnagar Cyanide Murder, Gujarat Woman Kills Husband With Cyanide Buries Body)
2024 മേയ് 31-നാണ് പ്രതികൾ ചേർന്ന് ജിഗ്നേഷിന് മദ്യത്തിൽ സൈനൈഡ് കലർത്തി നൽകി കൊലപ്പെടുത്തിയത്. തുടർന്ന് ജിഗ്നേഷും നിലേഷും ചേർന്ന് ബിസിനസ്സിനായി വാടകയ്‌ക്കെടുത്തിരുന്ന ഡാറെഡ് ജി.ഐ.ഡി.സിയിലെ ഫാക്ടറി കെട്ടിടത്തിനുള്ളിൽ കുഴിച്ചിടുകയായിരുന്നു. ഭർത്താവ് ജോലി ആവശ്യത്തിനായി ഓസ്‌ട്രേലിയയിലേക്ക് പോയതാണെന്നും ആരോടും സംസാരിക്കാൻ താല്പര്യപ്പെടുന്നില്ലെന്നുമാണ് കഴിഞ്ഞ രണ്ടു വർഷമായി പൃഥ്വി ബന്ധുക്കളോട് പറഞ്ഞിരുന്നത്.
സംശയം തോന്നിയ ജിഗ്നേഷിന്റെ സഹോദരൻ അശോക് നൽകിയ പരാതിയിലാണ് പോലീസിന്റെ ഇടപെടൽ. ബന്ധുക്കളിൽ ചിലർ ഓസ്‌ട്രേലിയയിലുള്ള ജിഗ്നേഷിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയും പോലീസിനെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ പൃഥ്വിയും നിലേഷും ചേർന്ന് അശോകിനെ കണ്ട് കുറ്റസമ്മതം നടത്തുകയായിരുന്നു.
തുടർന്ന് പോലീസിൽ വിവരമറിയിക്കുകയും പ്രതികളെ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിൽ ഫാക്ടറിക്കുള്ളിൽ നിന്ന് അസ്ഥികൂട ഭാഗങ്ങൾ കണ്ടെടുക്കുകയും ചെയ്തു. ഡി.എൻ.എ പരിശോധന പൂർത്തിയായ ശേഷമേ മൃതദേഹം പൂർണ്ണമായും ജിഗ്നേഷിന്റേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
Story Summary
A woman and her lover were arrested in Jamnagar, Gujarat, for murdering her husband with cyanide-laced liquor and burying his body 12 feet beneath a factory. The crime, covered up for over two years under the pretext that the victim had moved to Australia, came to light following a police complaint by the victim’s brother.


