HomeCrimeരാജ്യത്തെ സ്കൂളുകൾക്കടക്കം വ്യാജ ബോംബ് ഭീഷണി അയച്ച് പരിഭ്രാന്തി പടർത്തി: പ്രതി...

രാജ്യത്തെ സ്കൂളുകൾക്കടക്കം വ്യാജ ബോംബ് ഭീഷണി അയച്ച് പരിഭ്രാന്തി പടർത്തി: പ്രതി മൈസൂരുവിൽ പിടിയിൽ | Fake bomb threat

മൈസൂരു: രാജ്യമൊട്ടാകെയുള്ള സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, കോടതികൾ എന്നിവിടങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച് പരിഭ്രാന്തി സൃഷ്ടിച്ച പ്രതിയെ ഡൽഹി പൊലീസ് മൈസൂരുവിൽ നിന്ന് പിടികൂടി. ശ്രീനിവാസ് എന്നയാളാണ് പിടിയിലായത്. മൈസൂരു നഗരത്തിലെ വൃന്ദാവൻ ലേഔട്ട് രണ്ടാം ഘട്ടത്തിലെ ഒരു വീട്ടിൽ ഒളിച്ചുതാമസിച്ചാണ് ഇയാൾ ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.(Fake bomb threat to schools and courts, Suspect arrested in Mysuru)

കഴിഞ്ഞ ഒരു മാസമായി തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്ന വ്യാജ ബോംബ് ഭീഷണികളെത്തുടർന്ന് അധികൃതർ നടത്തിയ അതീവ ജാഗ്രതയോടെയുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒന്നിലധികം ഇമെയിലുകൾ അയച്ച് സ്ഫോടനം നടക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

സാങ്കേതിക വിവരങ്ങളുടെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ സന്ദേശങ്ങൾ വരുന്നത് മൈസൂരുവിൽ നിന്നാണെന്ന് ഡൽഹി പൊലീസ് കണ്ടെത്തി. തുടർന്ന് മൈസൂരു വി.വി പുരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡൽഹി പോലീസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഒളിവിലിരുന്നുകൊണ്ട് ഇമെയിൽ വഴിയാണ് ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. പരിശോധനയ്ക്കിടെ വ്യാജ സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ലാപ്ടോപ്പും നിരവധി സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനും വിശദമായ അന്വേഷണത്തിനുമായി പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടുപോയി.

Clickable Info Box