കൊച്ചി: തമിഴ്‌നാട് വിപണിയെ ലക്ഷ്യമിട്ട് തങ്ങളുടെ ആദ്യ പ്രാദേശിക ആഭരണ ബ്രാൻഡായ ‘അക്ഷയ തങ്ക മാളിഗൈ’ (എ.ടി.എം) അവതരിപ്പിച്ച് കല്യാൺ ജൂവലേഴ്‌സ് (Kalyan Jewellers). ബ്രാൻഡിന്റെ പേരും ലോഗോയും ഭാവി പദ്ധതികളും കമ്പനിദ്യോഗികമായി പ്രഖ്യാപിച്ചു. കല്യാൺ, കാൻഡെയർ എന്നീ ബ്രാൻഡുകൾക്ക് പുറമെ പ്രാദേശിക ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ സംരംഭം ആരംഭിക്കുമെന്ന് കല്യാൺ ജൂവലേഴ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് 21-ന് ചെന്നൈ ടി. നഗറിലെ പനഗൽ പാർക്കിൽ എ.ടി.എമ്മിന്റെ ആദ്യ ഷോറൂം പ്രവർത്തനമാരംഭിക്കും. ഇതിനോടനുബന്ധിച്ചുള്ള പരസ്യപ്രചാരണങ്ങൾ കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. പ്രാദേശിക വിപണിയിൽ വേഗത്തിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ തമിഴ് ചലച്ചിത്ര താരം ശിവകാർത്തികേയനെയാണ് ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തിരിക്കുന്നത്.
കല്യാണിന്റെ മറ്റ് പാൻ-ഇന്ത്യൻ ബ്രാൻഡുകളിൽ നിന്ന് വ്യത്യസ്തമായി തമിഴ്‌നാട്ടിലെ ഉപഭോക്താക്കളുടെ സാംസ്കാരിക അഭിരുചികളും വാങ്ങൽ രീതികളും പൂർണ്ണമായും കണക്കിലെടുത്താണ് അക്ഷയ തങ്ക മാളിഗൈ ഡിസൈൻ ചെയ്തിരിക്കുന്നത്. സ്വന്തം ബ്രാൻഡുകളോട് മത്സരിക്കുന്നതിന് പകരം പ്രാദേശികമായി ശക്തമായ മറ്റ് ആഭരണ ശൃംഖലകളെ നേരിടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തദ്ദേശീയമായ അഭിരുചികൾക്കനുസരിച്ചുള്ള വിപണനം ദീർഘകാല വളർച്ചയ്ക്ക് വഴിതുറക്കുമെന്ന് കല്യാൺ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ വ്യക്തമാക്കി. ഫ്രാഞ്ചൈസി മാതൃകയിലൂടെ തമിഴ്‌നാട്ടിലുടനീളം ബ്രാൻഡ് വിപുലീകരിക്കാനും, തുടർന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് സമാനമായ പ്രാദേശിക ബ്രാൻഡുകൾ വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
Story Summary:
Kalyan Jewellers has unveiled its first regional jewelry brand, ‘Akshaya Thanga Maaligai’ (ATM), tailored specifically for the Tamil Nadu market. The brand’s first showroom will open in Chennai’s Panagal Park on August 21, with actor Sivakarthikeyan named as the brand ambassador.


