തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പുകൾ പുതുക്കി (Kerala rain update 2026). പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. അതിനിടെ തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ (ഓഗസ്റ്റ് 3) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ 10 ജില്ലകളിലും യെല്ലോ അലർട്ട് ആയിരിക്കും.
സംസ്ഥാനത്തെ നാല് പ്രധാന അണക്കെട്ടുകളിൽ നിലവിൽ റെഡ് അലർട്ട് തുടരുകയാണ്. കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പെരിങ്ങൽകുത്ത് ഡാമുകളിലാണ് റെഡ് അലർട്ടുള്ളത്. കക്കയം, കുറ്റ്യാടി ഡാമുകളിൽ ഓറഞ്ച് അലർട്ടും മൂഴിയാറിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് ശക്തമായതിനാൽ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ടെന്നും കുറ്റ്യാടി പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും KSEB മുന്നറിയിപ്പ് നൽകി.
മഴക്കെടുതിയിൽ സംസ്ഥാനത്തൊട്ടാകെ ഇതുവരെ എട്ട് മരണങ്ങൾ സ്ഥിരീകരിച്ചു. 13 പേർക്ക് പരിക്കേൽക്കുകയും എട്ട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മഴയിൽ 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നു. നിലവിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5,792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ക്യാമ്പുകൾ പത്തനംതിട്ട ജില്ലയിലാണ് (66 ക്യാമ്പുകൾ, 1,669 പേർ). കോട്ടയം ജില്ലയിൽ 35 ക്യാമ്പുകളിലായി 824 പേരും കഴിയുന്നു.
അതിനിടെ കണ്ണൂർ കൊട്ടിയൂർ നെടുംപൊയിൽ – പേരിയ റോഡിലും പാൽചുരത്തിലും വീണ്ടും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗത നിരോധനമേർപ്പെടുത്തി. കോട്ടയം ഈരാറ്റുപേട്ടയിൽ ഇളപ്പുങ്കൽ – കാരക്കാട് നടപ്പാലം മീനച്ചിലാറ്റിലെ കുത്തൊഴുക്കിൽ തകർന്നു വീണു. മുൻകരുതലിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും ഓഗസ്റ്റ് ആറോടെ മഴ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും IMD ശാസ്ത്രജ്ഞൻ അഖിൽ ശ്രീവാസ്തവ വ്യക്തമാക്കി.
Story Summary: The Met Department updated rain warnings in Kerala with orange alerts continuing from Pathanamthitta to Kasaragod. Meanwhile, rain-related incidents have claimed eight lives, caused widespread damage including the collapse of a footbridge in Erattupetta, and displaced nearly 5,800 people to 209 relief camps across the state.


