റിപ്പോർട്ട് : അനവർ ഷരീഫ്
മലപ്പുറം: കനത്ത മഴയെ തുടർന്ന് ചാലിയാർ പുഴ കരകവിഞ്ഞൊഴുകിയതോടെ (Chaliyar river flood) മലപ്പുറം ജില്ലയിലെ വാഴക്കാട്, വാഴയൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വാഴക്കാട് പഞ്ചായത്തിലെ മതിയംകല്ലിങ്കൽ, തിരുവാലൂർ, കോലോത്തുംകടവ്, ചെറുവട്ടൂർ, ആക്കോട്, വട്ടപ്പാറ, വാലില്ലാപുഴ എന്നീ സ്ഥലങ്ങളിലും വാഴയൂർ പഞ്ചായത്തിലെ പുഞ്ചപ്പാടം, മൂലപുരം, തിരുത്തിയാറ്, പിന്നേമ്പാടം, അഴിഞ്ഞിലം, പുറ്റേക്കടവ് എന്നിവിടങ്ങളിലുമാണ് കനത്ത വെള്ളപ്പൊക്കമുണ്ടായത്.
കോഴിക്കോട്-ഊട്ടി സംസ്ഥാന പാതയിൽ വാഴക്കാട് വാലില്ലാപുഴ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഇതുവഴിയുള്ള ബസ് സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. വാഴയൂർ പഞ്ചായത്തിലെ ജി.എം.എൽ.പി സ്‌കൂളിലും വെള്ളം കയറിയിട്ടുണ്ട്. വാഴയൂരിൽ പ്രളയഭീഷണിയുള്ള പത്തോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വെള്ളപ്പൊക്കം രൂക്ഷമായ വാഴക്കാട് പഞ്ചായത്തിലെ പ്രദേശങ്ങൾ വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആരിഫ, വൈസ് പ്രസിഡന്റ് എം.കെ. നൗഷാദ്, വില്ലേജ് ഓഫീസർ മനോജ് കുമാർ, വി.എ. റഷീദ്, സാമൂഹിക പ്രവർത്തകൻ അൽ ജമാൽ നാസർ തുടങ്ങിയവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
Story Summary:
Overflowing Chaliyar river has caused severe flooding in Vazhakkad and Vazhayur panchayaths of Malappuram district. Key roads including the Kozhikode-Ooty state highway were inundated, halting bus services, while affected families were evacuated to safer locations.


