പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം കിരീടം സ്വന്തമാക്കി (Seachem trophy Kerala women’s cricket). ഫൈനലിൽ ഹിമാചൽപ്രദേശിനെ 48 റൺസിന് പരാജയപ്പെടുത്തിയാണ് കേരള വനിതാ ടീം ചാമ്പ്യന്മാരായത്. ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ നിയ നസ്നീനാണ് പ്ലെയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടി. ഓപ്പണർമാരായ കിരൺ നവ്ഗിരെ (34), ടി. ഷാനി (30) എന്നിവർ മികച്ച തുടക്കം സമ്മാനിച്ചു. തുടർന്ന് നജ്ല സി.എം.സി. 15 പന്തിൽ 24 റൺസും നിയ നസ്നീൻ വെറും ആറ് പന്തിൽ 15 റൺസും നേടി സ്കോർ ഉയർത്തി.
ഹിമാചൽപ്രദേശിനായി നീന ചൗധരി നാല് വിക്കറ്റും യമുന വി. റാണ രണ്ട് വിക്കറ്റും നേടി.
147 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹിമാചൽപ്രദേശിന്റെ ഇന്നിങ്‌സ് 18.3 ഓവറിൽ 98 റൺസിൽ അവസാനിച്ചു. ഹർലീൻ ഡിയോളിന്റെ 40 റൺസും ഹിമാൻഷി മേത്തയുടെ 30 റൺസുമൊഴികെ മറ്റാർക്കും കാര്യമായ സംഭാവന നൽകാനായില്ല.
കേരളത്തിനായി നിയ നസ്നീൻ നാല് ഓവറിൽ രണ്ട് മെയ്ഡൻ ഉൾപ്പെടെ വെറും എട്ട് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി മത്സരത്തിന്റെ ഗതി നിർണയിച്ചു. മൃദുല വി.എസ്., ടി. ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും സജന സജീവൻ ഒരു വിക്കറ്റും നേടി ബൗളിങ്ങിൽ മികച്ച പിന്തുണ നൽകി.
ടൂർണമെന്റിൽ ഒരു മത്സരത്തിൽ മാത്രമാണ് കേരളം തോൽവി വഴങ്ങിയത്. ഇതിന് മുമ്പ് സീചെം ട്രോഫിയുടെ അണ്ടർ-19 വിഭാഗത്തിലും കേരളം കിരീടം നേടിയിരുന്നു. ഇതോടെ വനിതാ വിഭാഗങ്ങളിൽ കേരള ക്രിക്കറ്റിന് ഇരട്ട കിരീട നേട്ടമാണ് സ്വന്തമായത്.
Story Summary:
Kerala won the Senior Women’s Seachem Trophy by defeating Himachal Pradesh by 48 runs in the final at Puducherry. Niya Nasneen starred with an outstanding bowling performance to earn the Player of the Match award.


