ന്യൂഡൽഹി: വിവിധ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഇന്ത്യൻ വനിതകളെ ആദരിച്ച് കല്യാൺ ജൂവലേഴ്‌സിന്റെ കാൻഡിയറും ഹുറുൺ ഇന്ത്യയും ചേർന്ന് ‘2026 കാൻഡിയർ ഹുറുൺ ഇന്ത്യ വുമൺ ലീഡേഴ്‌സ് ലിസ്റ്റ്’ പുറത്തിറക്കി (Candere Hurun India Women Leaders 2026). വ്യവസായം, സാമൂഹിക സേവനം, കായികം, സംസ്കാരം, മാധ്യമം, സ്റ്റാർട്ടപ്പ് തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 117 വനിതകളാണ് ഈ വർഷത്തെ പട്ടികയിൽ ഇടംപിടിച്ചത്.
സംസ്കാരം, സമ്പത്ത് സൃഷ്ടിക്കൽ, മൂല്യനിർമ്മാണം, സ്റ്റാർട്ടപ്പുകൾ, സാമൂഹിക സ്വാധീനം എന്നീ അഞ്ച് പ്രധാന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി 12 വിഭാഗങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പട്ടികയിൽ ഉൾപ്പെട്ട വനിതകളുടെ സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും ആകെ മൂല്യം 39 ലക്ഷം കോടി രൂപയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് ഫിൻലൻഡിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തേക്കാൾ (GDP) കൂടുതലാണെന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
19-കാരിയായ പാരാ ആർച്ചർ ശീതൾ ദേവിയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 86-കാരിയായ പ്രമുഖ സംരംഭക രജനി ബെക്ടറാണ് ഏറ്റവും പ്രായം കൂടിയ അംഗം. കിരൺ മജുംദാർ-ഷാ, റോഷ്‌നി നാടാർ മൽഹോത്ര, ഫാൽഗുനി നായർ, സുധാ മൂർത്തി തുടങ്ങിയ വ്യവസായ പ്രമുഖർക്കൊപ്പം പി.വി. സിന്ധു, മേരി കോം, മനു ഭാക്കർ തുടങ്ങിയ കായികതാരങ്ങളും മാധ്യമപ്രവർത്തക ഫേ ഡിസൂസയും പട്ടികയിൽ ഇടംനേടി.
മലയാള സാഹിത്യരംഗത്തെ കെ.ആർ. മീര, എഴുത്തുകാരി അനിത നായർ, മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രൻ, സംരംഭക നൗറീൻ ആയിഷ എന്നിവരും പട്ടികയിൽ ഉൾപ്പെട്ടവരിൽ ശ്രദ്ധേയരാണ്.
പട്ടികയിലെ 117 പേരിൽ 98 പേരും സ്വന്തം പരിശ്രമത്തിലൂടെയാണ് നേതൃത്വനിരയിലേക്ക് ഉയർന്നതെന്നത് ഈ വർഷത്തെ പട്ടികയുടെ മറ്റൊരു പ്രത്യേകതയാണ്.
നേതൃത്വവും സാമൂഹിക സ്വാധീനവും വഴി രാജ്യത്ത് മാറ്റങ്ങൾ സൃഷ്ടിക്കുന്ന വനിതകളെ ആദരിക്കുകയും വരുംതലമുറയ്ക്ക് പ്രചോദനമാകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ വാർഷിക പട്ടിക തയ്യാറാക്കിയതെന്ന് കാൻഡിയർ മാനേജിങ് ഡയറക്ടർ സഞ്ജയ് രഘുരാമൻ പറഞ്ഞു.
നേതൃത്വം വ്യവസായ മേഖലയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, കായികം, സാഹിത്യം, മാധ്യമം, സാമൂഹിക സേവനം തുടങ്ങി നിരവധി മേഖലകളിൽ തിളങ്ങുന്ന വനിതകളുടെ സംഭാവനകളെ ഈ പട്ടിക അംഗീകരിക്കുന്നുവെന്നും ഹുറുൺ ഇന്ത്യയുടെ സ്ഥാപകനും ചീഫ് റിസർച്ചറുമായ അനസ് റഹ്മാൻ ജുനൈദ് വ്യക്തമാക്കി. സ്വന്തം കഴിവും അധ്വാനവുംകൊണ്ട് ഉയർന്നുവന്ന വനിതകളുടെ വിജയഗാഥകളാണ് ഈ പട്ടിക പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary:
Candere and Hurun India have released the 2026 Candere Hurun India Women Leaders List, recognizing 117 accomplished Indian women across diverse sectors. The list highlights leaders who have made significant contributions through entrepreneurship, innovation, sports, culture, media, and social impact.


