കാഠ്മണ്ഡു: തെക്കൻ നേപ്പാളിലുണ്ടായ വർഗീയ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അഭ്യർത്ഥനയുമായി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം പൗരന്മാരോട് ഉത്തരവാദിത്തത്തോടെ പെരുമാറാനും അശാന്തി ഒഴിവാക്കാൻ സഹായിക്കാനും ആവശ്യപ്പെട്ടത്.(Nepal Communal Violence Sunsari PM Balendra Shah Appeals For Peace)
ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള സുൻസരി ജില്ലയിലെ ഗ്രാമത്തിൽ ഞായറാഴ്ചയാണ് അക്രമ സംഭവങ്ങൾക്ക് തുടക്കമായത്. ഹിന്ദു ഘോഷയാത്രയ്ക്കിടെ ഉച്ചഭാഷിണി ഉപയോഗിച്ചതും മതപരമായ പതാകകൾ ഉയർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ക്രമസമാധാന നില തകർന്നതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തുടർന്ന് സമീപത്തെ സിരാഹ ജില്ലയിൽ കർഫ്യൂ ലംഘിച്ച് വ്യാഴാഴ്ച നടന്ന പ്രതിഷേധത്തിനിടെ മൂന്നാമതൊരാൾ കൂടി കൊല്ലപ്പെട്ടു. കൂടുതൽ അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ സുൻസരിയിലും സമീപ ജില്ലകളിലും അധികൃതർ നിരോധനാജ്ഞയും കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി രാജ്യത്തിന് ഉറപ്പുനൽകി. എല്ലാ മതവിഭാഗങ്ങളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പൗരന്മാരും പരമാവധി സംയമനം പാലിക്കണമെന്നും സൗഹാർദ്ദവും ദേശീയ ഐക്യവും നിലനിർത്തണമെന്നും ബാലേന്ദ്ര ഷാ അഭ്യർത്ഥിച്ചു. ഹിന്ദു ഭൂരിപക്ഷ രാജ്യമായ നേപ്പാളിന്റെ തെക്കൻ മേഖലകളിൽ കാര്യമായ തോതിൽ മുസ്ലിം ജനവിഭാഗങ്ങളും അധിവസിക്കുന്നുണ്ട്. പ്രദേശത്ത് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം.
Story Summary
Nepal’s Prime Minister Balendra Shah called for peace and restraint after communal clashes between Hindu and Muslim groups in southern Nepal left three people dead. Following disputes over loud music and religious flags, authorities imposed curfews in Sunsari and nearby districts while launching a transparent probe into the violence.


