ന്യൂഡൽഹി: ഓൺലൈൻ സിനിമാ പൈറസിക്കെതിരെ (Anti piracy) കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി ശക്തമായ നടപടി സ്വീകരിച്ച് 1,263 വെബ്‌സൈറ്റുകളും 4,996 ടെലഗ്രാം ചാനലുകളും അടച്ചുപൂട്ടി. കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ അഭ്യർഥനയെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
സിനിമകളുടെ വ്യാജ പതിപ്പുകൾ അനധികൃതമായി പ്രചരിപ്പിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കെതിരെ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു. ഇതിന് മറുപടിയായി കേന്ദ്ര ഇലക്ട്രോണിക്സ്-ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് അയച്ച കത്തിലൂടെയാണ് നടപടികളുടെ വിശദാംശങ്ങൾ പുറത്തുവന്നത്.
സിനിമാ പൈറസിയും പകർപ്പവകാശ ലംഘനവും ചെറുക്കുന്നതിനായി നിലവിൽ വന്ന 2023ലെ സിനിമാറ്റോഗ്രാഫ് (ഭേദഗതി) നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപക നടപടി സ്വീകരിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി. പുതിയ നിയമം പകർപ്പവകാശം ലംഘിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കൂടുതൽ ഫലപ്രദമായി നടപടിയെടുക്കാൻ സഹായിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ ഗുരുതരമായി ബാധിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് സിനിമാ പൈറസിയെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികൾ വേഗത്തിൽ പരിഗണിക്കുന്നതിനായി മന്ത്രാലയത്തിന് കീഴിൽ പ്രത്യേക സെൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും, പരാതികൾ സ്വീകരിച്ച് ഏകോപിപ്പിച്ചുള്ള നടപടികൾക്കായി പ്രത്യേക ആന്റി-പൈറസി പോർട്ടൽ വികസിപ്പിച്ചുവരുകയാണെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഡിജിറ്റൽ പൈറസിക്കെതിരായ നിയമനടപടികൾ കൂടുതൽ ശക്തമാക്കുമെന്നും പകർപ്പവകാശ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി തുടരുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Story Summary:
The Central Government has blocked 1,263 websites and 4,996 Telegram channels involved in movie piracy following a request from Union Minister of State Suresh Gopi. The action was taken under the Cinematograph (Amendment) Act, 2023 to strengthen anti-piracy enforcement.


