മധുര: പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നവർക്കും സ്പീക്കറിൽ റീൽസുകളും വീഡിയോകളും കാണുന്നവർക്കും കർശന മുന്നറിയിപ്പുമായി തമിഴ്നാട് സർക്കാർ. സഹയാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ സ്പീക്കർ ഉപയോഗിച്ച് ശബ്ദമുണ്ടാക്കിയാൽ 500 രൂപ മുതൽ 1000 രൂപ വരെ പിഴ ഈടാക്കാൻ സർക്കാർ ഉത്തരവിട്ടു.(Tamil Nadu Bus Passengers To Face Fine For Loud Speaker Phone Use)
തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലുള്ള എം.ടി.സി, എസ്.ഇ.ടി.സി ഉൾപ്പെടെയുള്ള ഇരുപതിനായിരത്തോളം സർക്കാർ ബസ്സുകളിൽ ഈ നിയമം കർശനമായി നടപ്പിലാക്കാൻ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് നിർദ്ദേശം നൽകി. നിയമം യാത്രികരെ അറിയിക്കുന്നതിനായി എല്ലാ ബസ്സുകളിലും മുൻവാതിലിന് സമീപവും നടുവിലും പിൻവാതിലിന് അടുത്തായും മൂന്ന് നോട്ടീസുകൾ വീതം പതിപ്പിക്കും. പാട്ടുകളും വീഡിയോകളും കേൾക്കാൻ വയർഡ് എയർഫോണുകളോ ബ്ലൂടൂത്ത് ഹെഡ്‌ഫോണുകളോ ഉപയോഗിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.
ദീർഘദൂര യാത്രകളിലും തിരക്കുള്ള ബസ്സുകളിലും ഫോൺ സ്പീക്കറിലിട്ട് സംസാരിക്കുന്നതും വീഡിയോകൾ കാണുന്നതും വലിയ ശല്യമാണെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. ശല്യമുണ്ടാക്കുന്ന യാത്രക്കാരോട് സ്പീക്കർ ഓഫാക്കാൻ ആവശ്യപ്പെടാൻ ജീവനക്കാർക്ക് അധികാരമുണ്ടായിരിക്കും. മോട്ടോർ വെഹിക്കിൾസ് റെഗുലേഷൻസ് 2017-ലെ റൂൾ 5(10), തമിഴ്നാട് മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989-ലെ റൂൾ 228 എന്നിവ അടിസ്ഥാനമാക്കിയാണ് ഈ നടപടി. ചെന്നൈ മെട്രോ റെയിലിലും സമാനമായ രീതിയിൽ സ്പീക്കർ ഉപയോഗത്തിന് 2,500 രൂപ വരെ പിഴ ഈടാക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു.
Story Summary
The Tamil Nadu government has mandated fines between ₹500 and ₹1,000 for passengers playing loud music or videos on phone speakers inside state transport buses. Transport corporations including MTC and SETC will display warning notices across 20,000 buses, directing commuters to use earphones to ensure a quiet and peaceful journey.


