കാഞ്ഞങ്ങാട്: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു (Kasaragod Child Sexual Abuse Case). കാസർകോട് മാലോം അതിരുമാവ് പാപ്പിനി വീട്ടിൽ പി. സനീഷ് (33)നെയാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്.
ശിക്ഷയ്ക്ക് പുറമെ 60,000 രൂപ പിഴയും കോടതി ചുമത്തി. പിഴ തുക അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏഴുവയസുകാരിയെ 2023 മുതൽ വിവിധ ദിവസങ്ങളിൽ രാത്രികാലങ്ങളിൽ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ ചിറ്റാരിക്കാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനാണ്.
പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.
Story Summary:
A fast-track court in Hosdurg has sentenced a man to 40 years of rigorous imprisonment for sexually assaulting a seven-year-old girl in Kasaragod. The court also imposed a fine of ₹60,000 on the accused.


