കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി (Gen C) പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ആർഎസ്എസ് നേതാവ് ടി.ജി. മോഹൻദാസിനെതിരെ (T G Mohandas) അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി നിർദേശം നൽകി. സൈബർ ഓപ്പറേഷൻസ് ഐജി പി. പ്രകാശിന്റെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ നൽകിയ പരാതിയിലാണ് നടപടി.
സംഭവത്തിൽ എസ്.എഫ്.ഐയും യൂത്ത് കോൺഗ്രസും ഉൾപ്പെടെ വിവിധ സംഘടനകളും പരാതി നൽകിയിട്ടുണ്ട്. പ്രതിഷേധക്കാരെ അധിക്ഷേപിക്കുന്നതും ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതുമായ പരാമർശങ്ങൾ ടി.ജി. മോഹൻദാസ് യൂട്യൂബ് വീഡിയോയിലൂടെ നടത്തിയെന്നാണ് പരാതികളിൽ പറയുന്നത്.
മറ്റൊരു വീഡിയോയിൽ, ജന്തർ മന്തർ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്കെതിരെ വെടിവയ്പ് നടത്തണമെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയും അദ്ദേഹം നടത്തിയതായി പരാതിക്കാർ ആരോപിക്കുന്നു. ഈ പരാമർശങ്ങൾ സമൂഹത്തിൽ വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വീഡിയോ ദൃശ്യങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും പരിശോധിച്ച് നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പരാതികളിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
Story Summary:
Kerala’s Home Minister has ordered an investigation into RSS leader T.G. Mohandas over controversial remarks about the Gen C protesters at Jantar Mantar. The probe will be led by the Cyber Operations IG following complaints from multiple organizations.


