ന്യൂഡൽഹി: എഥനോൾ കലർത്തിയ ഇ20 പെട്രോളിന്റെ നിർബന്ധിത ഉപയോഗം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 4ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഡൽഹിയിലെ വിവിധ ഗതാഗത സംഘടനകൾ പ്രഖ്യാപിച്ചു (E20 petrol0. കേന്ദ്രസർക്കാരിന്റെ ഇന്ധന നയത്തിനെതിരെയാണ് സമരം.
ഡൽഹി ടാക്സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഉപഭോക്താക്കൾക്ക് മറ്റ് ഇന്ധന ഓപ്ഷനുകൾ നൽകാതെ ഇ20 പെട്രോൾ മാത്രം നിർബന്ധമാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഹരീഷ് സബർവാൾ വ്യക്തമാക്കി.
എഥനോൾ മിശ്രിത ഇന്ധനം വാഹനങ്ങളുടെ എൻജിൻ ആയുസിനെയും പ്രകടനത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് ഗതാഗത സംഘടനകളുടെ ആരോപണം. അതിനാൽ ഇ20 പെട്രോൾ നിർബന്ധമാക്കുന്ന തീരുമാനം സർക്കാർ പുനഃപരിശോധിക്കുകയോ അല്ലെങ്കിൽ സാധാരണ പെട്രോൾ തിരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് നൽകുകയോ വേണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം.
പ്രതിഷേധ മാർച്ചിലൂടെ ഇന്ധന നയവുമായി ബന്ധപ്പെട്ട ആശങ്കകൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ലക്ഷ്യമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.
Story Summary:
Transport unions in Delhi have announced a protest march to Parliament on August 4 against the mandatory use of E20 petrol. They are demanding that consumers be allowed to choose regular petrol instead of being restricted to ethanol-blended fuel.


