തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരിഷ്കാരങ്ങളിൽ പ്രധാന മാറ്റങ്ങൾ വരുത്തി മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി (Kerala Driving Test New Circular). ഡ്രൈവിങ് ടെസ്റ്റുകൾക്കായി അപേക്ഷകർക്ക് ദീർഘനാൾ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് പുതിയ നടപടികൾ. പുതിയ സർക്കുലർ പ്രകാരം പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 40ൽ നിന്ന് 50 ആയി ഉയർത്തി. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിലെ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റുകൾ നടത്തും. നടപടികളുടെ മേൽനോട്ടത്തിനായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുതിയ സ്ലോട്ട് വിഭജനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രതിദിനം നടത്തുന്ന 50 ടെസ്റ്റുകളിൽ 28 എണ്ണം പുതിയ ഡ്രൈവിങ് ലൈസൻസ് അപേക്ഷകർക്കും 20 എണ്ണം റീടെസ്റ്റിനും രണ്ട് സ്ലോട്ടുകൾ വിദേശത്തേക്ക് ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി പോകുന്നവർക്കുമായി മാറ്റിവെക്കും.
പുതിയ നിർദേശങ്ങൾ പ്രകാരം ബുക്കിംഗ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പുതിയ ലൈസൻസ് ടെസ്റ്റ് സ്ലോട്ട് ലഭ്യമാക്കണം. റീടെസ്റ്റ് സ്ലോട്ടുകൾ എട്ട് ദിവസത്തിനുള്ളിലും ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ മൂന്ന് ദിവസത്തിനുള്ളിലും ലഭ്യമാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഫിറ്റ്നസ് പരിശോധനയും ഡ്രൈവിങ് ടെസ്റ്റും ഒരേ ദിവസം നടത്താൻ പാടില്ലെന്ന നിലവിലെ നിയന്ത്രണവും ഒഴിവാക്കി. മറ്റ് ജോലികൾ മാറ്റിവച്ചെങ്കിലും മൂന്ന് മാസത്തിനുള്ളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ തീർപ്പാക്കണമെന്ന് ഗതാഗത കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്.
മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ കൊണ്ടുവന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 40 ആയി കുറച്ചത്. ടെസ്റ്റുകളുടെ നിലവാരം ഉയർത്തുന്നതിനായി വാഹനങ്ങളുടെ പ്രായപരിധി, ടെസ്റ്റ് വാഹനങ്ങളിൽ ക്യാമറ സ്ഥാപിക്കൽ തുടങ്ങിയ നിർദേശങ്ങളും അന്ന് മുന്നോട്ടുവച്ചിരുന്നു. എന്നാൽ സ്ലോട്ടുകളുടെ കുറവ് മൂലം അപേക്ഷകൾ കെട്ടിക്കിടക്കുകയും ലൈസൻസ് ലഭിക്കാൻ വൈകുന്നതിനെതിരെ വ്യാപക പരാതികൾ ഉയരുകയും ചെയ്തു. ഡ്രൈവിങ് സ്കൂളുകളും ഈ പരിഷ്കാരങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് ടെസ്റ്റ് വാഹനങ്ങളുടെ പരമാവധി പ്രായപരിധി 18 വർഷത്തിൽ നിന്ന് 22 വർഷമായി ഉയർത്തുകയും ചില നിബന്ധനകളിൽ ഇളവുകൾ അനുവദിക്കുകയും ചെയ്തിരുന്നു. പുതിയ സർക്കുലറിലൂടെ മൂന്ന് മാസത്തിനുള്ളിൽ നിലവിലെ അപേക്ഷാ കെട്ടിക്കിടപ്പ് പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Summary: The Kerala Motor Vehicles Department has revised the driving test rules introduced by former Transport Minister K B Ganesh Kumar. The daily driving test slots have been increased from 40 to 50 to clear pending applications and reduce delays.


