ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സംബന്ധിച്ച പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സമർപ്പിച്ച രാജിക്കത്തിന്റെ പൂർണരൂപം പുറത്ത് (Dharmendra Pradhan Resignation). വിദ്യാർത്ഥികളുടെ ഭാവി ദീർഘകാല നിയമ നടപടികളിലും വിവാദങ്ങളിലും കുടുങ്ങിപ്പോകരുതെന്ന ലക്ഷ്യത്തോടെയാണ് രാജി സമർപ്പിക്കുന്നതെന്ന് പ്രധാൻ കത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ രണ്ട് പേജുള്ള രാജിക്കത്തിൽ, പരീക്ഷാ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെ ധർമേന്ദ്ര പ്രധാൻ വിശദീകരിച്ചു. ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകൾ സിബിഐക്ക് കൈമാറിയതും, പരീക്ഷാ നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ സ്വീകരിച്ച തീരുമാനങ്ങളും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
‘എന്റെ യുവസുഹൃത്തുക്കളെ’ എന്ന അഭിസംബോധനയോടെയാണ് രാജിക്കത്ത് ആരംഭിക്കുന്നത്. രാജ്യത്തെ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ഭാവിയാണ് ഏറ്റവും പ്രധാനമെന്നും, ഒരു വിദ്യാർത്ഥിയുടെ പോലും ഭാവി നിയമപരമായ സങ്കീർണതകളിൽ കുടുങ്ങാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണം സ്വതന്ത്രമായി മുന്നോട്ടുപോകണമെന്നും, വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്നും കത്തിൽ പ്രധാൻ പറയുന്നു. നിലവിലെ സാഹചര്യത്തിൽ അനാവശ്യമായ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും വിദ്യാർത്ഥികൾ ഇരയാകരുതെന്ന നിലപാടാണ് രാജിക്ക് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമായിരുന്നു. ഡൽഹിയിലെ ജന്തർ മന്ദറിൽ നടന്ന സമരങ്ങളും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങളും കേന്ദ്ര സർക്കാരിന് മേൽ വലിയ സമ്മർദ്ദമാണ് സൃഷ്ടിച്ചത്. ആഴ്ചകൾ നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിലാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. രാജിക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയ്ക്കും മാർഗനിർദേശങ്ങൾക്കും നന്ദി അറിയിച്ച ധർമേന്ദ്ര പ്രധാൻ, രാജ്യത്തിന്റെയും വിദ്യാർത്ഥികളുടെയും താൽപര്യമാണ് തന്റെ പ്രധാന പരിഗണനയെന്നും വ്യക്തമാക്കി.
രാജിക്കത്തിന്‍റെ പൂർണരൂപം
പ്രിയപ്പെട്ട യുവസുഹൃത്തുക്കളേ,
നാല് പതിറ്റാണ്ടിലേറെയായി ഞാൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിദ്യാഭ്യാസ പരിഷ്കരണങ്ങളുടെയും നന്മയ്ക്കായി എന്നെത്തന്നെ സമർപ്പിച്ചിരിക്കുകയാണ്. ശക്തവും ഉൾക്കൊള്ളുന്നതുമായ, ദീർഘവീക്ഷണമുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ശക്തമായ ഒരു രാജ്യത്തിന്‍റെ തറക്കല്ല് എന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു.
രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും ന്യായമായ പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മുടെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിലെ ഒരു ധാർമ്മിക പ്രതിബദ്ധതയാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് ഞാൻ അദ്ദേഹത്തോടുള്ള നന്ദി അറിയിക്കുന്നു. എന്നിരുന്നാലും, 2026 മേയ് 3-ന് നടന്ന നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ചില ക്രമക്കേടുകൾ വെളിച്ചത്തുവരികയുണ്ടായി. വിഷയത്തിന്‍റെ ഗൗരവം മനസിലാക്കി, കേന്ദ്ര ഉടനടി അന്വേഷണം സിബിഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷയ്ക്കുള്ള തീയതി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ, അടുത്ത വർഷം മുതൽ ഈ പരീക്ഷ സിബിടി (CBT – കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ) രീതിയിൽ നടത്താനും തീരുമാനമെടുത്തു.
ഈ കാലയളവിലുടനീളം, 20 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്കായി പരീക്ഷ സുഗമമായി നടത്തുക എന്നതിനായിരുന്നു നമ്മുടെ പ്രഥമ പരിഗണന. ‘മുഴുവൻ സർക്കാരും ഒന്നിച്ചുനിൽക്കുന്ന’ സമീപനം സ്വീകരിച്ചാണ് ഞങ്ങൾ പ്രവർത്തിച്ചത്; കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരുകളും പ്രത്യേകിച്ച് ജില്ലാ ഭരണകൂടങ്ങളും നിർണായക പങ്കുവഹിച്ചു.
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ 2026 ജൂൺ 21-ന് പരീക്ഷ വിജയകരമായി പൂർത്തിയായി. ആദ്യ ദിവസം മുതൽ ഞാൻ ഇതിന്‍റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സാഹചര്യങ്ങളിൽ നിന്ന് ഒരിക്കലും പിന്മാറാതിരിക്കുകയും ചെയ്തു. ഒരു മിടുക്കനായ വിദ്യാർത്ഥിയുടെയും കഴിവ് ‘പരീക്ഷാ മാഫിയ’ കാരണം ഇല്ലാതാകില്ലെന്നും ഒരു വിദ്യാർത്ഥിക്കും അനീതി നേരിടേണ്ടി വരില്ലെന്നും ഞാൻ ഉറപ്പിച്ചിരുന്നു.
ജൂലൈ 16-ന് പ്രഖ്യാപിച്ച നീറ്റ്-യുജി ഫലങ്ങൾ തൃപ്തികരമായിരുന്നു; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിൽ നിന്നുള്ള നിരവധി മിടുക്കരായ വിദ്യാർത്ഥികൾ വിജയം കൈവരിച്ചു. എന്നിരുന്നാലും, ഈ സമയത്തും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികൾ തടസങ്ങൾ സൃഷ്ടിക്കാനും വിദ്യാർത്ഥികളെ വഴിതെറ്റിക്കാനും ശ്രമിച്ചു, ഇത് എന്നെ ഏറെ വേദനിപ്പിച്ചു.
നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തിൽ എനിക്ക് എപ്പോഴും അചഞ്ചലമായ വിശ്വാസമുണ്ട്, കൂടാതെ യുവാക്കളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. അവർ ഇന്ത്യയുടെ ഭാവി മാത്രമല്ല; പുതിയതും വികസിതവുമായ ഇന്ത്യയുടെ വഴികാട്ടികളും നിർമ്മാതാക്കളുമാണ്. കഴിഞ്ഞ പത്തുദിവസത്തെ സംഭവവികാസങ്ങളിൽ ഞാൻ ഏറെ വേദനിക്കുന്നു. ഇത് എനിക്ക് വ്യക്തിപരമായ അന്തസിന്‍റെ പ്രശ്നമല്ല. ഇന്ത്യയുടെ യുവശക്തിയാണ് ഈ രാജ്യത്തിന്‍റെ യഥാർത്ഥ കരുത്ത്. രാജ്യത്തെ യുവാക്കൾ ആശയക്കുഴപ്പങ്ങളുടെ വലയിൽ അകപ്പെടാൻ അനുവദിക്കില്ലെന്നത് എന്റെ നിശ്ചയദാർഢ്യമാണ്.
ജന്തർ മന്തറിലെയും രാജ്യത്തുടനീളമുള്ളതുമായ സാഹചര്യം കണക്കിലെടുത്ത്—ദേശവിരുദ്ധ ശക്തികൾ ഇത് മുതലെടുക്കുന്നത് തടയുക, ദേശീയ ഐക്യം നിലനിർത്തുക, ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ പോലും ഭാവി നിയമപരമായ സങ്കീർണ്ണതകളിൽ കുടുങ്ങിപ്പോകുന്നില്ലെന്ന് ഉറപ്പാക്കുക, നമ്മുടെ കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കരിയർ കെട്ടിപ്പടുക്കാനും സമയം നൽകുക എന്നീ ലക്ഷ്യങ്ങളോടെ—ഞാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് എന്റെ രാജി സമർപ്പിച്ചു.
ആദരണീയനായ പ്രധാനമന്ത്രിയുടെ മാർഗ്ഗനിർദ്ദേശത്തിനും വിശ്വാസത്തിനും നിരന്തരമായ പിന്തുണയ്ക്കും ഞാൻ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. കേന്ദ്ര മന്ത്രിസഭയിലെ എന്റെ എല്ലാ സഹപ്രവർത്തകർക്കും, മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും, ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു.
രാഷ്ട്രസേവനമാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുൻഗണന; ഈ ലക്ഷ്യത്തിനായി ഞാൻ എപ്പോഴും പ്രതിജ്ഞാബദ്ധനായിരിക്കും. ജഗന്നാഥ ഭഗവാന്റെ അനുഗ്രഹത്താൽ, ഭാരതമാതാവിന്റെയും ഒഡീഷയിലെ ജനങ്ങളുടെയും രാജ്യത്തെ യുവാക്കളുടെയും പ്രതീക്ഷകൾ നിറവേറ്റുന്നതിനായി ഭാവിയിലും സാധ്യമായ എല്ലാ രീതിയിലും ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നത് തുടരും.
Summary: Union Education Minister Dharmendra Pradhan resigned following weeks of protests over NEET-UG irregularities and paper leak allegations. In his resignation letter to Prime Minister Narendra Modi, Pradhan said his decision was aimed at ensuring that students’ futures do not get trapped in prolonged legal and political disputes.


