ന്യൂഡൽഹി: ഇന്ത്യൻ നാവികർ ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ കേന്ദ്ര സർക്കാർ ശക്തമായ പ്രതികരണം നടത്താത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (Forward Seamen Union Of India Protest). ഇനിയും എത്ര പേരുടെ ജീവൻ നഷ്ടപ്പെട്ടാലാണ് സർക്കാർ ഇടപെടുകയെന്ന് ചോദിച്ച നാവികരുടെ കൂട്ടായ്മ, തുടരുന്ന മൗനം നാവികരുടെ ജീവനുകൾക്ക് വലിയ ഭീഷണിയാണെന്നും ആരോപിച്ചു. ഇറാൻ തീരത്തിന് സമീപം 28 ഇന്ത്യൻ നാവികർ സഞ്ചരിച്ചിരുന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചായിരുന്നു സംഘടനയുടെ പ്രതിഷേധം. മൊസാംബിക് പതാകയുള്ള കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ നാവികരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് സംഘടനയുടെ ആരോപണം.
ഇന്ത്യൻ നാവികരുള്ള കപ്പലുകൾ തുടർച്ചയായി ആക്രമിക്കപ്പെടുകയാണെന്നും, അന്താരാഷ്ട്ര തലത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാനോ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനോ അധികൃതർ തയ്യാറാകുന്നില്ലെന്നും ഫോർവേഡ് സീമെൻസ് യൂണിയൻ വിമർശിച്ചു. “ഇനിയും എത്ര മൃതദേഹങ്ങൾ കണ്ടാൽ ഇന്ത്യ ശബ്ദമുയർത്തും?” എന്ന ചോദ്യവുമായി രംഗത്തെത്തിയ നാവികർ, തങ്ങൾ ആരുടെയും ലക്ഷ്യമാകേണ്ടവരല്ലെന്നും ഇന്ത്യയുടെ പൗരന്മാരാണെന്നും വ്യക്തമാക്കി. അതേസമയം, കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അമേരിക്കയോ ഇറാനോ ഇതുവരെ ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിനിടെ കുടുങ്ങിയ 28 ഇന്ത്യൻ നാവികരെ ഇറാൻ രക്ഷപ്പെടുത്തിയതായാണ് വിവരം.
ഇറാൻ കപ്പലെന്ന് തെറ്റിദ്ധരിച്ച് അമേരിക്ക ഒരു എൽപിജി ടാങ്കറിന് നേരെ ആക്രമണം നടത്തിയെന്നും രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടെന്നും ഇറാൻ നേരത്തെ ആരോപിച്ചിരുന്നു. ഇതിനുപുറമെ, ഹോർമൂസ് മേഖലയിൽ ചികിത്സ ലഭിക്കാതെ മരിച്ച ഇന്ത്യൻ നാവികൻ നിഷാന്ത് ഉയിർത്തനാഥന്റെ മൃതദേഹം സംരക്ഷിക്കാൻ സഹപ്രവർത്തകർ നടത്തിയ ശ്രമങ്ങളുടെ ദൃശ്യങ്ങളും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം വിവിധ സംഭവങ്ങളിലായി നിരവധി ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടമായതായാണ് റിപ്പോർട്ടുകൾ. നാവികരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സംഘടനയുടെ ആവശ്യം.
Summary: The Forward Seamen Union of India has criticised the central government for not taking stronger action after attacks on Indian sailors. The group questioned the continued silence and demanded greater protection for seafarers working in conflict zones.


