തിരുവനന്തപുരം: സസ്പെൻഷന് പിന്നാലെ എഡിജിപി എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി. ശബരിമലയിലെ പൊലീസ് പദ്ധതിയായിരുന്ന ‘പുണ്യം പൂങ്കാവനം’ സംബന്ധിച്ച് അജിത് കുമാർ നൽകിയ റിപ്പോർട്ട് സർക്കാർ തള്ളി. പദ്ധതിയുടെ നോഡൽ ഓഫീസറായിരുന്ന ഐജി പി. വിജയന് ക്ലീൻ ചിറ്റ് നൽകിയ സർക്കാർ, പദ്ധതി വീണ്ടും തുടരാനും അനുമതി നൽകി. (P Vijayan Clean Chit Sabarimala Punyam Poonkavanam)
ശബരിമലയിൽ മാലിന്യ നിർമാർജനം, ഭക്തർക്ക് സേവനം തുടങ്ങിയ ലക്ഷ്യങ്ങളോടെ പൊലീസ് നടപ്പാക്കിയിരുന്ന പദ്ധതിയാണ് പുണ്യം പൂങ്കാവനം. പദ്ധതിയുടെ മറവിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന പരാതിയെ തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന എം.ആർ. അജിത് കുമാറിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരുന്നു. തുടർന്ന് അജിത് കുമാർ സമർപ്പിച്ച റിപ്പോർട്ടിൽ പുണ്യം പൂങ്കാവനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പി. വിജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ തലത്തിൽ നടന്ന അന്വേഷണത്തിൽ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ആഭ്യന്തര സെക്രട്ടറി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് പി. വിജയന് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചത്. വിജയൻ നൽകിയ വിശദീകരണം അംഗീകരിച്ച സർക്കാർ, പദ്ധതിയിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും വ്യക്തമാക്കി. വരാനിരിക്കുന്ന മണ്ഡലകാലത്ത് പുണ്യം പൂങ്കാവനം പദ്ധതി വീണ്ടും സജീവമാക്കാനും നിർദേശിച്ചു.
ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലായിരുന്നു അജിത് കുമാറിന്റെ റിപ്പോർട്ട് പുറത്തുവന്നത്. കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പി. വിജയനെതിരെ അജിത് കുമാർ നൽകിയ മൊഴിയും പിന്നീട് വിവാദമായിരുന്നു. ആരോപണങ്ങൾ തെറ്റാണെന്ന് വ്യക്തമായതോടെ അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി. വിജയൻ നൽകിയ പരാതിയും സർക്കാരിന്റെ പരിഗണനയിലുണ്ട്. അന്വേഷണ റിപ്പോർട്ട് തള്ളുകയും പി. വിജയന് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തതോടെ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിന് ഇത് മറ്റൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്.
Summary: The Kerala government has rejected ADGP M.R. Ajith Kumar’s report against IG P. Vijayan regarding the Sabarimala “Punyam Poonkavanam” project. The government cleared Vijayan of allegations and allowed the cleanliness initiative to continue.


