ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ 35 ദിവസം നീണ്ട വിദ്യാർഥി പ്രതിഷേധത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതോടെ ജന്തർ മന്തറിൽ ആഘോഷം (CJP Protest victory). സിജെപി നേതാവ് അഭിജീത് ദീപ്കെയുടെ നേതൃത്വത്തിൽ നടന്ന സമരത്തിന് സോനം വാങ്ചുക്കിന്റെ നിരാഹാര സമരവും പ്രതിപക്ഷ പിന്തുണയും വലിയ കരുത്തായതായി പ്രതിഷേധക്കാർ വിലയിരുത്തി.
ധർമേന്ദ്ര പ്രധാൻ രാജിവച്ചതോടെ ജന്തർ മന്തറിലെ സമരവേദിയിൽ പ്രവർത്തകർ ഒത്തുകൂടി ആഘോഷിച്ചു. നീറ്റ് പരീക്ഷാ വിവാദത്തെ തുടർന്ന് ജീവൻ നഷ്ടമായ വിദ്യാർഥികളുടെ പേരുകൾ അഭിജീത് ദീപ്കെ വായിക്കുകയും അവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. സമര വിജയം ജീവത്യാഗം ചെയ്ത വിദ്യാർഥികൾക്ക് സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന സിജെപി ഉൾപ്പെടെയുള്ള പ്രതിഷേധക്കാർക്ക് ഒടുവിൽ വിജയം ലഭിച്ചെന്നാണ് സമര നേതൃത്വം അവകാശപ്പെടുന്നത്. ധർമേന്ദ്ര പ്രധാൻ സ്ഥാനത്ത് തുടരുമെന്നായിരുന്നു കേന്ദ്രത്തിന്റെ ആദ്യ നിലപാട്. എന്നാൽ പ്രതിഷേധം ശക്തമായതോടെ സർക്കാരിന് സമ്മർദ്ദം വർധിക്കുകയായിരുന്നു.
സോനം വാങ്ചുക്കിന്റെ നിരാഹാര സമരം ദേശീയ ശ്രദ്ധ നേടിയതോടെയാണ് പ്രതിഷേധത്തിന് കൂടുതൽ ജനപിന്തുണ ലഭിച്ചത്. തുടർന്ന് യുവാക്കളും വിദ്യാർഥി സംഘടനകളും സമരത്തിൽ അണിനിരന്നു. പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ പാർട്ടികൾ ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം വിഷയത്തിൽ കേന്ദ്രത്തിനെതിരെ വിമർശനം കടുപ്പിച്ചു. പ്രതിഷേധങ്ങൾ വ്യാപിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, ധർമേന്ദ്ര പ്രധാൻ്റെ രാജിയൊഴികെയുള്ള മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നടപടികളും സർക്കാർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ രാജിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന സിജെപിയുടെ നിലപാടിന് പിന്നാലെയാണ് ധർമേന്ദ്ര പ്രധാൻ രാജി പ്രഖ്യാപിച്ചത്.
Summary: After a 35-day student protest at Jantar Mantar over the NEET-UG controversy, Union Education Minister Dharmendra Pradhan resigned. CJP leaders called it a victory for the student movement, while crediting sustained protests, public support and opposition pressure.


