വാഷിംഗ്ടൺ: ഇറാനെ ഒരു കാരണവശാലും ആണവായുധ ശക്തിയാകാൻ അനുവദിക്കില്ലെന്ന് വഷിംഗ്ടണിൽ ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി ആസ്ഥാനത്ത് വെച്ച് സംസാരിക്കവെയാണ് ട്രംപ് ഇറാന് കർശന മുന്നറിയിപ്പ് നൽകിയത്. ഇറാനുമേലുള്ള അമേരിക്കയുടെ നീക്കങ്ങൾ കൃത്യമായ ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.(Trump Warns Iran Over Nuclear Weapons As US Escalates Naval Blockade)
ആണവായുധം നിർമ്മിക്കുന്നതിനെക്കുറിച്ച് ഇറാൻ ചിന്തിക്കുക പോലും ചെയ്യരുതെന്ന് ട്രംപ് പറഞ്ഞു. മറ്റ് പ്രസിഡന്റുമാരോ രാജ്യങ്ങളോ ചെയ്യേണ്ട കാര്യമായിരുന്നു ഇതെന്നും, തങ്ങൾ ഇത് ചെയ്തില്ലെങ്കിൽ മറ്റാർക്കും അതിനുള്ള ശേഷിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ സൈന്യത്തിന്റെ കരുത്ത് തന്റെ ആദ്യ ഭരണകാലത്ത് കെട്ടിപ്പടുത്തതാണെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ സൈനിക ശേഷി നിലവിൽ ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, ഇറാനെതിരെയുള്ള ഉപരോധവും കടൽ മാർഗ്ഗമുള്ള ഉപരോധവും ശക്തമാക്കിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് പോവുകയായിരുന്ന 12 വാണിജ്യ കപ്പലുകളുടെ പാത തിരിച്ചുവിട്ടതായും ഒരു കപ്പൽ പ്രവർത്തനരഹിതമാക്കിയതായും യു.എസ് സൈന്യം വ്യക്തമാക്കി. തങ്ങളുടെ പ്രകോപനങ്ങൾക്ക് ടെഹ്റാൻ വലിയ വില നൽകേണ്ടിവരുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും മുന്നറിയിപ്പ് നൽകി. എന്നാൽ, കുവൈറ്റിലെയും ജോർദാനിലെയും യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ തങ്ങൾ തിരിച്ചടി നൽകിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ലൊജിസ്റ്റിക്സ് കേന്ദ്രങ്ങളെയുമാണ് ലക്ഷ്യമിട്ടതെന്നാണ് ഇറാന്റെ വാദം.
Story Summary
US President Donald Trump reiterated that Iran will never be allowed to acquire nuclear weapons, emphasizing that the US military is taking strong measures against Tehran. As CENTCOM enforced a tight naval blockade on Iranian ports, Iran claimed to have launched retaliatory strikes on US military installations in Kuwait and Jordan, further escalating tensions in the region.


