തൃശൂർ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും പരീക്ഷാ സംവിധാനങ്ങളിലെ അപകാതകൾക്കെതിരെയും ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണയുമായി നടി മഞ്ജു വാര്യർ (Manju warrier facebook post). ഏത് രാഷ്ട്രീയത്തിനും മുകളിലാണ് മാനുഷികതയുടെ സ്ഥാനമെന്നും യുവതലമുറയുടെ ആശങ്കകൾക്ക് അടിയന്തരമായി പരിഹാരം കാണേണ്ടതുണ്ടെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.
രാജ്യത്തെ പരീക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാത്ത രീതിയിൽ നിലനിർത്തണമെന്ന് മഞ്ജു വാര്യർ ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികൾക്ക് ഭയമല്ല, മറിച്ച് പ്രകാശമുള്ള പ്രതീക്ഷയാണ് നാം നൽകേണ്ടതെന്നും അവരുടെ ഭാവി സുരക്ഷിതമാക്കാനും സ്വപ്നങ്ങൾ സംരക്ഷിക്കാനും ഭരണകൂടത്തിന് പൂർണ്ണ ബാധ്യതയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ കുറിപ്പ്:
“മാനുഷികത. അതാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്. നമ്മുടെ യുവതലമുറയ്ക്ക് അവരുടെ ചോദ്യങ്ങൾ ചോദിക്കാനും, ആശങ്കകൾ പങ്കുവെക്കാനും, സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയിലെവിടെയായാലും പരീക്ഷാ സമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. നമ്മുടെ വിദ്യാഭ്യാസ പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുൻഗണന ലഭിക്കണം. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്. അവരുടെ ഭാവി സുരക്ഷിതമാകട്ടെ. അവരുടെ സ്വപ്നങ്ങൾ സംരക്ഷിക്കപ്പെടട്ടെ.”
ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇതിനോടകം തന്നെ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, പാർവ്വതി തിരുവോത്ത്, റിമ കല്ലിങ്കൽ, ആഷിഖ് അബു, ഇന്ദ്രജിത്ത് തുടങ്ങിയവർക്ക് പിന്നാലെയാണ് ഇപ്പോൾ മഞ്ജു വാര്യരും ശക്തമായ നിലപാടുമായി എത്തിയിരിക്കുന്നത്.
Story Summary:
Actress Manju Warrier extended her solidarity to the student protests in Delhi regarding exam irregularities, emphasizing that humanity is above all politics and advocating for a transparent, merit-based education system in India.


