വാഷിങ്ടൺ: അമേരിക്കയും സൗദി അറേബ്യയും തമ്മിൽ നിർണായകമായ സിവിലിയൻ ആണവ കരാറിൽ (123 Agreement) ഒപ്പുവെച്ചതായി യു.എസ് ഊർജ്ജ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു (US Saudi Nuclear Power Deal). അമേരിക്കൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സൗദി അറേബ്യയ്ക്ക് ആണവ നിലയങ്ങൾ നിർമ്മിക്കാനും, യുറേനിയം സമ്പുഷ്ടീകരിക്കാനും, ആണവ മാലിന്യങ്ങൾ പുനഃസംസ്കരിക്കാനും അനുമതി നൽകുന്നതാണ് ഈ ചരിത്രപരമായ കരാർ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ജോ ബൈഡന്റെയും ഭരണകാലത്ത് വർഷങ്ങളായി ചർച്ചകളിലിരുന്ന ഈ പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജ്ജ മന്ത്രി രാജകുമാരൻ അബ്ദുൾ അസീസ് ബിൻ സൽമാനുമാണ് കരാറിൽ ഒപ്പുവെച്ചത്. കാനഡ ആസ്ഥാനമായുള്ള കാമെക്കോയും ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റും സംയുക്തമായി കൈവശം വെക്കുന്ന വെസ്റ്റിങ്ഹൗസിന് നേട്ടമാകുന്നതാണ് ഏകദേശം 30 വർഷം നീണ്ടുനിൽക്കുന്നതും കോടിക്കണക്കിന് ഡോളർ മൂല്യമുള്ളതുമായ ഈ ആണവ റിയാക്ടർ നിർമ്മാണ പദ്ധതി. എന്നാൽ ഈ കരാർ വലിയ വിവാദങ്ങൾക്കും ആശങ്കകൾക്കും വഴിവെച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ യു.എഇ ഒപ്പുവെച്ച സിവിലിയൻ ആണവ കരാറിൽ നിന്ന് വ്യത്യസ്തമായി, സൗദിയുമായുള്ള ഈ പുതിയ കരാറിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) കർശനമായ പെട്ടെന്നുള്ള പരിശോധനകൾ ഉറപ്പാക്കുന്ന ‘അഡീഷണൽ പ്രോട്ടോക്കോൾ’ ഉൾപ്പെടുത്തിയിട്ടില്ല.
യുറേനിയം സമ്പുഷ്ടീകരണവും പുനഃസംസ്കരണവും ആണവായുധ നിർമ്മാണത്തിലേക്ക് നയിച്ചേക്കാമെന്നും, മിഡിൽ ഈസ്റ്റിൽ ഇത് വലിയൊരു ആണവായുധ മത്സരത്തിന് കാരണമാകുമെന്നും ആയുധവ്യാപന നിയന്ത്രണ വിഭാഗങ്ങളും ഡെമോക്രാറ്റ് നേതാക്കളും ശക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടയിൽ സൗദിക്ക് ഈ അനുമതി നൽകുന്നത് സുരക്ഷിതമല്ലെന്നും ചില യു.എസ് സെനറ്റർമാർ കുറ്റപ്പെടുത്തി. അതേസമയം, അമേരിക്കയുമായി കരാർ ഒപ്പുവെച്ചില്ലെങ്കിൽ സൗദി അറേബ്യ ചൈനയോ റഷ്യയോടൊപ്പമുള്ള മറ്റ് ആണവ കൂട്ടായ്മകളിലേക്ക് തിരിഞ്ഞേക്കാമെന്നും, കരാർ ഇരു രാജ്യങ്ങൾക്കും സാമ്പത്തികമായും തന്ത്രപരമായും വലിയ നേട്ടമാണെന്നും റിപ്പബ്ലിക്കൻ പാർട്ടി വ്യക്തമാക്കി. ഈ കരാർ ഇനി കോൺഗ്രസിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. 90 ദിവസത്തിനുള്ളിൽ കോൺഗ്രസിന്റെ എതിർപ്പുകൾ ഒന്നുമില്ലെങ്കിൽ കരാർ ഔദ്യോഗികമായി നടപ്പിലാകും.
Summary: The United States and Saudi Arabia have signed a landmark civil nuclear agreement allowing the kingdom to build reactors with U.S. technology and enrich uranium, sparking intense debate among lawmakers and nonproliferation experts over regional security and oversight.


