ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കോക്റോച്ച് ജനതാ പാർട്ടി. വിദ്യാർത്ഥി സമരം 34-ാം ദിവസത്തിലേക്ക് കടന്ന വേളയിലാണ് വിഷയത്തിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.(CJP Slams PM Modi Fast Track Courts Decision On Paper Leak)
എന്നാൽ, വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഉന്നത തലങ്ങളിൽ ഉത്തരവാദിത്തം ഉറപ്പാക്കാതെ പരീക്ഷാ ചോർച്ചകൾ അവസാനിക്കില്ലെന്ന് സി.ജെ.പി പ്രതിനിധി അശുതോഷ് റാങ്ക വ്യക്തമാക്കി. പേപ്പർ ചോർച്ചയുണ്ടായ ശേഷം എന്ത് ശിക്ഷ നൽകണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ, എന്തുകൊണ്ടാണ് ചോദ്യപേപ്പർ ചോർച്ചകൾ ആവർത്തിച്ച് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന് റാങ്ക ചോദിച്ചു.
മുറിവേൽപ്പിച്ച ശേഷം മുറിവുകെട്ടാൻ ശ്രമിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സ്ഥാനത്ത് തുടരുന്നിടത്തോളം കാലം ഈ പ്രശ്നം പരിഹരിക്കപ്പെടില്ലെന്ന് സി.ജെ.പി ആരോപിച്ചു. മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഴിമതിക്കാരും അയോഗ്യരുമായ ആളുകളാണ് സിസ്റ്റത്തിലുള്ളത്. ഇതൊരു സംഘടിത മാഫിയ പ്രവർത്തനമാണ്. വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവരുടെ ഉത്തരവാദിത്തം നിശ്ചയിക്കാത്തിടത്തോളം ഇത്തരം ചോർച്ചകൾ അവസാനിപ്പിക്കാൻ കഴിയില്ലെന്നും അശുതോഷ് റാങ്ക പറഞ്ഞു.
നേരത്തെ, വിദ്യാർത്ഥികളുടെ ഭാവിയാണ് സർക്കാരിന് പ്രധാനമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചിരുന്നു. എന്നാൽ, പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി തകർത്തത് കേന്ദ്രസർക്കാരാണെന്ന് കുറ്റപ്പെടുത്തിയ രാഹുൽ ഗാന്ധി, ധർമ്മേന്ദ്ര പ്രധാന്റെ രാജിയും ആവശ്യപ്പെട്ടു.
Story Summary
The Cockroach Janta Party (CJP) slammed Prime Minister Narendra Modi’s proposal to set up fast-track courts for paper leak cases, as their NEET protest reached its 34th day. CJP representative Ashutosh Ranka stated that paper leaks would continue unless accountability is fixed at top levels, demanding Union Education Minister Dharmendra Pradhan’s removal.


