ന്യൂഡൽഹി: സ്കൂളുകളിൽ നടപ്പിലാക്കുന്ന ത്രിഭാഷാ പദ്ധതിയുടെ ഭാഗമായി ഒമ്പതാം ക്ലാസിൽ മൂന്നാമതൊരു ഭാഷ പുതുതായി ഉൾപ്പെടുത്തരുതെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. പത്താം ക്ലാസിലെ ബോർഡ് പരീക്ഷകൾക്ക് തൊട്ടുമുൻപുള്ള വർഷം പുതിയൊരു ഭാഷ പഠിക്കുന്നത് കുട്ടികളിൽ കടുത്ത മാനസിക സമ്മർദ്ദമുണ്ടാക്കുമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.(Supreme Court Urges Centre Not To Introduce Third Language In Class 9 Citing Student Stress)
മൂന്നാം ഭാഷ ആറാം ക്ലാസിൽ തന്നെ ആരംഭിക്കണമെന്നും ഒമ്പതാം ക്ലാസിൽ അത് നിർത്തുകയാണ് വേണ്ടതെന്നും കോടതി വാക്കാൽ നിർദ്ദേശിച്ചു. പത്താം ക്ലാസ് പരീക്ഷയുടെ സമ്മർദ്ദം എട്ടാം ക്ലാസ് മുതൽ തന്നെ കുട്ടികൾ അനുഭവിക്കുന്നുണ്ടെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. “ഞാൻ പഠിച്ചിരുന്ന കാലത്ത് പത്താം ക്ലാസിലെ പാഠഭാഗങ്ങൾ എട്ടാം ക്ലാസിൽ തന്നെ പഠിപ്പിച്ചു തുടങ്ങുമായിരുന്നു. അങ്ങനെയെങ്കിൽ ഇന്നത്തെ കുട്ടികൾ അനുഭവിക്കുന്ന സമ്മർദ്ദം എത്രത്തോളമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് ഒമ്പതാം ക്ലാസിൽ മൂന്നാം ഭാഷ അടിച്ചേൽപ്പിക്കരുത്”, കോടതി വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ നവോദയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. തമിഴ്‌നാട്ടിലെ പുതിയ തമിഴക വെട്രി കഴകം (TVK) സർക്കാരിനോടും കോടതി സുപ്രധാന നിർദ്ദേശം മുന്നോട്ടുവെച്ചു. ത്രിഭാഷാ നയം ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ കുട്ടികൾക്ക് കേന്ദ്ര വിദ്യാലയങ്ങളുടെയും നവോദയ സ്കൂളുകളുടെയും ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. ത്രിഭാഷാ പദ്ധതിയിൽ ഹിന്ദി നിർബന്ധമല്ലെന്നും, കുട്ടികൾക്ക് സംസ്കൃതമോ മറ്റ് ഇന്ത്യൻ ഭാഷകളോ തിരഞ്ഞെടുക്കാമെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. മുൻപ് അധികാരത്തിലിരുന്ന ഡിഎംകെ സർക്കാർ നവോദയ വിദ്യാലയങ്ങൾ വഴി ഹിന്ദി അടിച്ചേൽപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ആരോപിച്ച് പദ്ധതിയെ ശക്തമായി എതിർത്തിരുന്നു.
നവോദയ വിദ്യാലയങ്ങൾക്കായി ഭൂമി അനുവദിക്കണമെന്ന 2025 ഡിസംബറിലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ പങ്കാളികളുമായി ചർച്ച നടത്താൻ തമിഴ്‌നാട് സർക്കാരിന് കോടതി മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. സംസ്ഥാനത്ത് ഭരണം മാറിയ പശ്ചാത്തലത്തിൽ വിഷയം പഠിക്കാൻ സമയം വേണമെന്ന തമിഴ്‌നാട് അഡീഷണൽ അഡ്വക്കറ്റ് ജനറലിന്റെ ആവശ്യം അംഗീകരിച്ച കോടതി, കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഓഗസ്റ്റ് 11-ലേക്ക് മാറ്റി.
Story Summary
Supreme Court Judge Justice B.V. Nagarathna has urged the Central government not to introduce a third language in Class 9 under the three-language scheme, stating it causes immense stress to students ahead of Board exams. Hearing a case on establishing Navodaya schools in Tamil Nadu, the Bench recommended starting the third language in Class 6 and stopping it by Class 9.


