പുണെ: സ്വീറ്റ് സ്റ്റാളിൽ ആദ്യം ആർക്ക് സമോസ നൽകണമെന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കലാശിച്ചത് ക്രൂരമായ കൈയേറ്റത്തിൽ. മഹാരാഷ്ട്രയിലെ പുണെ ഷിരൂർ താലൂക്കിലെ കരേഗാവ് ഗ്രാമത്തിലാണ് സംഭവം. ചെറിയൊരു തർക്കം വലിയ അക്രമമായി മാറിയതിന്റെ സിസിടിവി ദൃശ്യങ്ങൾ നിലവിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു.(Samosa Serving Dispute Leads To Physical Assault At Pune Sweet Shop Two Booked)
കരേഗാവ് സ്വദേശികളായ ഈശ്വർ രംഗനാഥ് നവാലെ, സായ് ലക്ഷ്മൺ നവാലെ എന്നിവർക്കെതിരെയാണ് രഞ്ജൻഗാവ് എംഐഡിസി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കടയിലെ ജീവനക്കാരനായ രാജു ലാബുറാം ദേവാസി (26) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 13-ന് വൈകിട്ട് 5 മണിയോടെ ദേവാസി ജോലി ചെയ്യുന്ന ‘ശിവശക്തി സ്വീറ്റ് ഹോം’ എന്ന കടയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പ്രതികളായ രണ്ടുപേരും കടയിൽ നിന്ന് സമോസ വാങ്ങി അത് ലഭിക്കുന്നതിനായി കാത്തുനിൽക്കുകയായിരുന്നു. എന്നാൽ ഇവർക്ക് നൽകുന്നതിന് മുൻപ് ദേവാസി മറ്റൊരു ഉപഭോക്താവിന് ഓർഡർ കൈമാറി. പണം മുൻകൂട്ടി നൽകിയിട്ടും തങ്ങളുടെ ഓർഡർ വൈകിപ്പിച്ചത് ചോദ്യം ചെയ്ത് പ്രതികൾ ജീവനക്കാരനുമായി തർക്കത്തിലേർപ്പെട്ടു. വാക്കുതർക്കം പെട്ടെന്ന് തന്നെ അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു. പ്രതികൾ ദേവാസിയെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Story Summary
A minor dispute over who should be served a plate of samosas first escalated into a physical assault at a sweet shop in Karegaon village, Pune. The Ranjangaon MIDC Police booked two men, Ishwar Ranganath Navale and Sai Laxman Navale, for abusing and assaulting a 26-year-old shop employee, Raju Laburam Devasi, after he served another customer ahead of them. A video of the altercation has since gone viral on social media, sparking discussions on quick tempers.


