ന്യൂഡൽഹി: നീറ്റ് (NEET 2026) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്ദിറിൽ സമരം ചെയ്യുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം 18-ാം ദിവസത്തിലേക്ക് കടന്നിട്ടും കേന്ദ്ര സർക്കാർ പുലർത്തുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ. പരീക്ഷാ അട്ടിമറികളെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് നീതി തേടി സ്വന്തം ജീവൻ പണയപ്പെടുത്തി സമരം ചെയ്യുന്ന വ്യക്തിയോട് സർക്കാർ കാണിക്കുന്നത് തികഞ്ഞ ക്രൂരതയും ധിക്കാരവുമാണെന്ന് എക്സിലൂടെ ദിപ്കെ കുറ്റപ്പെടുത്തി.(Sonam Wangchuk Hunger Strike Day Eighteen Abhijeet Dipke Blams Center Silence On NEET Protest)
പ്രതിപക്ഷ നേതാക്കളുടെ പിന്തുണയെയും സമരരീതിയെയും ചോദ്യം ചെയ്യുന്ന വിമർശകർക്കെതിരെയും ദിപ്കെ രംഗത്തെത്തി. പ്രതിപക്ഷം എന്തുകൊണ്ട് പിന്തുണയ്ക്കുന്നില്ലെന്നോ സി.ജെ.പിയിലെ മറ്റുള്ളവർ എന്തുകൊണ്ട് നിരാഹാരം കിടക്കുന്നില്ലെന്നോ ചോദിക്കുന്നതിന് പകരം പ്രസക്തമായ ചോദ്യങ്ങൾ ചോദിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി എന്തുകൊണ്ടാണ് സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറാകാത്തതെന്നും വിദ്യാഭ്യാസ മന്ത്രിയെ എന്തുകൊണ്ട് ഇപ്പോഴും സംരക്ഷിക്കുന്നുവെന്നും ജനങ്ങൾ ചോദിക്കണമെന്നും, ഇത്തരം വഴിതിരിച്ചുവിടലുകൾ ഭരണാധികാരികളെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിരാഹാര സമരത്തിൽ തുടരുന്ന വാങ്‌ചുക്കിന്റെ ആരോഗ്യാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച് നിരവധി പ്രതിപക്ഷ നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വാങ്‌ചുക്കിനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ബി.ജെ.പി സർക്കാരിനെ മാറ്റിയെടുക്കാൻ സ്വന്തം ജീവൻ അപകടത്തിലാക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തോട് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Summary
The indefinite hunger strike of climate activist Sonam Wangchuk against the NEET 2026 paper leak entered its 18th day, drawing a sharp attack from CJP founder Abhijeet Dipke over the central government’s cruel silence. While several opposition leaders, including Akhilesh Yadav and Arvind Kejriwal, appealed to Wangchuk to end his fast due to severe weight loss.


