കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകി മുരാരി ബാബു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് താൻ യാതൊരുവിധ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും അനധികൃതമായി ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്.(Did not make any financial gain from Unnikrishnan Potty, Murari Babu gives statement to ED in Sabarimala gold theft case)
സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് മുരാരി ബാബു ആവർത്തിച്ചു. തന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധനയ്ക്കായി ഹാജരാക്കാൻ തയ്യാറാണെന്ന് അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചു. മുരാരി ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം നടന്ന ദീർഘനേരത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് നിർണ്ണായക കണ്ടെത്തലുകളുമായി ഇ.ഡി നീങ്ങുന്നത്.
2019-25 കാലയളവിൽ മുരാരി ബാബുവിന്റെ സ്വത്തുക്കളിൽ വൻ വർദ്ധനവുണ്ടായതായി ഇ.ഡി കണ്ടെത്തി. 2021-ൽ നടത്തിയ വീട് നിർമ്മാണത്തിന് ചെലവാക്കിയ തുകയുടെ സ്രോതസ്സിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവിന് നേരിട്ട് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നാണ് ഇ.ഡിയുടെ നിഗമനം. എന്നാൽ സ്വത്തുക്കൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് മുരാരി ബാബു നൽകിയ മറുപടികൾ തൃപ്തികരമല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനാണ് ഇ.ഡി നീക്കം. ഇതിന്റെ ഭാഗമായി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധ്യതയുണ്ട്. നിലവിൽ ജാമ്യത്തിലിറങ്ങിയ മറ്റ് പ്രതികളെയും വരും ദിവസങ്ങളിൽ വിളിപ്പിച്ചു മൊഴിയെടുക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

