ശ്രീലങ്കയിലേക്കുള്ള തന്റെ സമീപകാല യാത്രയിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു ഇന്ത്യൻ സഞ്ചാരി ഇൻസ്റ്റാഗ്രാമിൽ കുറിച്ച കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ശ്രീലങ്കൻ ജനതയുടെ സാമൂഹിക ബോധം, വൃത്തി, പെരുമാറ്റം എന്നിവയെ വാനോളം പുകഴ്ത്തുന്നതാണ് ഈ പോസ്റ്റ് (Sri Lanka Civic Sense). കടുത്ത സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോകുമ്പോഴും അവിടുത്തെ പൗരന്മാർ കാണിക്കുന്ന ഉത്തരവാദിത്തം വലിയൊരു പാഠമാണെന്ന് അവർ പറയുന്നു.
ഏഴ് ദിവസത്തെ യാത്രയ്ക്കിടെ ഏകദേശം 700 കിലോമീറ്ററോളം സഞ്ചരിച്ചുവെങ്കിലും റോഡുകളിൽ ഒരിടത്തുപോലും കുഴികൾ കാണാൻ കഴിഞ്ഞില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സഞ്ചാരി കുറിക്കുന്നു. വീതി കുറഞ്ഞ റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായപ്പോൾ ഡ്രൈവർമാർ തമ്മിൽ തർക്കിക്കുമെന്ന് കരുതിയെങ്കിലും, പകരം അവർ ചിരിച്ചുകൊണ്ട് വളരെ വേഗത്തിൽ ഗതാഗതം സുഗമമാക്കിയത് തന്നെ അതിശയിപ്പിച്ചു. “ഇതുകണ്ട് ഞങ്ങൾ അമ്പരന്നു പോയി” എന്നും അവർ കുറിപ്പിൽ പറയുന്നു.
ഒറ്റ പ്ലാസ്റ്റിക് കഷ്ണമോ പേപ്പറോ ഇല്ലാത്ത വൃത്തിയുള്ള ബീച്ചുകൾ അവിടുത്തെ പ്രത്യേകതയാണ്. ശ്രീലങ്കൻ ജനത വളരെ ശാന്തരും സഹായമനസ്കരുമാണ്. ഭാഷാപരമായ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ പോലും ആംഗ്യഭാഷയിലൂടെ വിനോദസഞ്ചാരികളെ സഹായിക്കാൻ അവർ കാണിക്കുന്ന താല്പര്യം എടുത്തു പറയേണ്ടതാണെന്ന് അവർ പറയുന്നു. വലിയൊരു അയൽരാജ്യമെന്ന നിലയിൽ നമുക്ക് അവരിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
View this post on Instagram

