തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുതാര്യവും ഭക്തജനസൗഹൃദവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഈ വർഷം മുതൽ ശബരിമലയിൽ പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്നും അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും പറഞ്ഞ അദ്ദേഹം, ഇനി ‘ആഗോള അയ്യപ്പസംഗമം’ നടത്തില്ലെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Sabarimala complete digitalization, TDB President K Jayakumar Announces Major Reforms For Sabarimala Pilgrimage)
ശബരിമലയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളിൽ ബോർഡിന് കടുത്ത വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുറികളുടെ ബുക്കിംഗിലും വിതരണത്തിലും വൻ അഴിച്ചുപണിയാണ് ബോർഡ് ലക്ഷ്യമിടുന്നത്. സന്നിധാനത്തുള്ള 690 മുറികളിൽ മുൻപ് 190 എണ്ണം മാത്രമാണ് ഓൺലൈൻ വഴി നൽകിയിരുന്നത്. എന്നാൽ ഇനി മുതൽ 550 മുറികൾ തീർത്ഥാടകർക്കായി ഓൺലൈൻ വഴി നിർബന്ധിത ബുക്കിംഗിലൂടെ ലഭ്യമാക്കും. ഇതിനായി നിലവിലുണ്ടായിരുന്ന ഡെപ്പോസിറ്റ് തുക ഒഴിവാക്കി; പകരം മുറിവാടക മുൻകൂറായി നൽകി 50 രൂപ സർവീസ് ചാർജ് ഈടാക്കി ബുക്ക് ചെയ്യാം. മുറികളുടെ പരിപാലനത്തിനായി ഹൗസ് കീപ്പിംഗ് സംവിധാനം ഈ സീസൺ മുതൽ ഔട്ട്സോഴ്സ് ചെയ്യും. ശബരി ഗസ്റ്റ് ഹൗസിൽ നിലവിലുള്ള 56 മുറികൾക്ക് പുറമെ ഹൈപ്പവർ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 മുറികൾ കൂടി പുതുതായി നിർമ്മിക്കും. നവംബർ 1 മുതൽ 90 ദിവസത്തേക്ക് ബോർഡ് ആസ്ഥാനത്ത് എഐ (AI) ക്യാമറകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ കൺട്രോൾ റൂം പ്രവർത്തിക്കും.
പടിപൂജയ്ക്ക് 2048 വരെ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിൽ, തന്ത്രിയുടെ അനുമതിയോടെ ദിവസം ഒന്നിന് പകരം അഞ്ച് പടിപൂജകൾ വീതം നടത്തും. തിരക്ക് നിയന്ത്രിക്കുന്നതിനായി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്നിധാനത്ത് ക്രൗഡ് കൺട്രോൾ റൂം സ്ഥാപിക്കും. ക്യൂവിൽ നിൽക്കുന്ന സമയത്തിന്റെ ഗുണനിലവാരം ഉയർത്തും. തീർത്ഥാടനത്തിനിടെ മരണപ്പെട്ട 54 പേരുടെ കുടുംബങ്ങൾക്ക് 1 ലക്ഷം രൂപ വീതം ഇൻഷുറൻസ് സഹായം നൽകും. വെർച്വൽ ക്യൂ ടിക്കറ്റിനൊപ്പം ഈടാക്കുന്ന 5 രൂപ ഫണ്ടിൽ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. തുടർ ഇൻഷുറൻസിനായി എൽഐസിയുമായി ചർച്ച നടത്തും.
കർക്കിടകമാസം കഴിയുന്നതോടെ സന്നിധാനവും പരിസരവും ക്ലീൻ കേരള കമ്പനിയുമായി ചേർന്ന് ഡീപ്പ് ക്ലീനിംഗ് നടത്തും. അന്നദാനത്തിന് ഇനി വ്യക്തിഗത സ്പോൺസർഷിപ്പ് സ്വീകരിക്കില്ല; മാന്യമായ രീതിയിൽ കേരള സദ്യ നൽകും. ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ വാസ്തുവിദ്യാ ഗുരുകുലത്തെ കൺസൾട്ടന്റാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങൾക്കായി ടെക്നിക്കൽ ക്വാളിറ്റി എൻജിനീയറിംഗ് ടീമിനെ നിയോഗിക്കും. സന്നിധാനത്ത് പുതിയ തീർത്ഥക്കുളം നിർമ്മിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് 6 കോടി രൂപ നൽകാനുണ്ടെന്ന വാദത്തോട് പ്രതികരിച്ച പ്രസിഡന്റ്, ബോർഡ് ഓഡിറ്റർ ഇത് സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കി. പണം നൽകാനുണ്ടെന്നത് ശരിയാണെങ്കിലും ബോർഡിന്റെ തുകയിൽ നിന്ന് അത് നേരിട്ടെടുത്ത് വീട്ടാൻ സാധിക്കില്ലെന്നും ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമീപകാല വിവാദങ്ങളോട് ‘കാലം ഉണക്കാത്ത മുറിവുണ്ടോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ വൈകാരികമായ പ്രതികരണം.
Story Summary
Travancore Devaswom Board President K. Jayakumar announced a major digitalization drive for Sabarimala, confirming that the ‘Global Ayyappa Sangamam’ will be discontinued as Lord Ayyappa needs no publicity. Key reforms include increasing online room bookings from 190 to 550, conducting five Padi Poojas a day instead of one, and setting up an AI crowd control room.

