തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ ഒരാൾ മരണപ്പെട്ടതായും ഏഴ് പേരെ കാണാതായതായും മുഖ്യമന്ത്രി വി.ഡി. സതീശൻ സ്ഥിരീകരിച്ചു. അപകടത്തിൽ പരിക്കേറ്റ ഏഴ് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കള്ളാടിയിലുണ്ടായ അപകടം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, നിർമ്മാണക്കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും വെളിപ്പെടുത്തി.(Wayanad Kalladi Landslide One Dead Seven Missing Chief Minister Satheesan Blames Contractor)
തുരങ്കപാതയുടെ നിർമ്മാണം നടക്കുന്ന സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് അടിയന്തരമായി മാറ്റണമെന്ന് മുൻകൂട്ടിത്തന്നെ കർശന നിർദേശം നൽകിയിരുന്നതാണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അപകടസാധ്യത മുന്നിൽക്കണ്ട് കഴിഞ്ഞ മാസം 20-ന് തന്നെ മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. എന്നാൽ കരാറുകാർ ഈ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ദുരന്തനിവാരണ സമിതി ഓഫീസിലെത്തിയ മുഖ്യമന്ത്രി രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി നേരിട്ട് വിലയിരുത്തി. അപകടസ്ഥലത്തേക്ക് ഉടൻ എത്തിച്ചേരാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി അദ്ദേഹം അടിയന്തര കൂടിക്കാഴ്ച നടത്തുകയും ചെയ്തു. വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപം തുരങ്കപാതയുടെ പണികൾ നടക്കുന്ന സ്ഥലത്താണ് ഇന്ന് രാവിലെ വൻ കുന്നിടിഞ്ഞ് വീണത്. തൊഴിലാളികളുമായി വന്ന രണ്ട് ബസുകളും താൽക്കാലിക ഷെഡുകളും പൂർണ്ണമായും മണ്ണിനടിയിലാണ്. കൂടുതൽ പേർ മൺകൂനയ്ക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയിൽ എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ കനത്ത മഴയിലും രക്ഷാപ്രവർത്തനം തുടരുകയാണ്.
Story Summary
Chief Minister VD Satheesan confirmed one death and seven missing persons in the massive landslide at the Wayanad-Kalladi tunnel construction site, while seven others are hospitalized. Terming the incident unfortunate, the Chief Minister slammed the contractors for ignoring a June 20 directive from the Wayanad District Collector to clear unscientifically piled-up soil. Rescue operations are underway at the site where two workers’ buses remain buried under the debris.

