കൊച്ചി: അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിലുണ്ടാക്കിയ ധാരണകൾ കമ്പനി അധികൃതർ കാറ്റിൽപ്പറത്തി. വെള്ളിയാഴ്ച വരെ ജീവനക്കാർക്ക് ഓഫീസിൽ പ്രവേശിക്കാമെന്ന് ഇന്നലെ നടന്ന ചർച്ചയിൽ ലേബർ കമ്മീഷണർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇതനുസരിച്ച് ഇന്ന് രാവിലെ ഓഫീസിലെത്തിയ ജീവനക്കാരെ അകത്തേക്ക് കയറ്റിവിടാൻ കമ്പനി തയ്യാറായില്ല.(CorroHealth Mass Layoff Issue Company Denies Entry To Employees Info Park)
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓഫീസ് തുറന്നുനൽകേണ്ടെന്നും ജീവനക്കാരെ പ്രവേശിപ്പിക്കരുതെന്നും കമ്പനി അധികൃതർ സുരക്ഷാ ജീവനക്കാർക്ക് കർശന നിർദേശം നൽകുകയായിരുന്നു. ഇതോടെ ഓഫീസിന് മുന്നിൽ ജീവനക്കാർ പ്രതിഷേധം ആരംഭിച്ചു. വിവരമറിഞ്ഞ് എം.എൽ.എയും സ്ഥലത്തെത്തിയിട്ടുണ്ട്.
ഓഫീസിൽ പ്രവേശനം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ ഇന്ന് ലേബർ ഓഫീസർമാർ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തും. കമ്പനി മാനേജ്മെന്റിന്റെ അഭിഭാഷക പ്രതിനിധികളും തൊഴിലാളി യൂണിയൻ ഭാരവാഹികളും തമ്മിൽ വിശദമായ ചർച്ചകൾ നടത്തിയിരുന്നു. കമ്പനിയുടെ തുടർ പ്രവർത്തനങ്ങളും പിരിച്ചുവിടൽ നടപടികളും സംബന്ധിച്ച് ഈ മാസം പത്താം തീയതിയാണ് നിർണായക ചർച്ച നിശ്ചയിച്ചിരിക്കുന്നത്.
Story Summary
US-based firm CorroHealth violated the agreement made during labor commission talks by denying office entry to its laid-off employees. Despite assurances that workers could access the office until Friday, security blocked them citing safety concerns.

