1987, പ്രിയ നേതാവ് എം ജി ആറിന്റെ മരണം തമിഴ്നടിനെ അകെ നിരാശയിൽ ആഴ്ത്തിയിരുന്ന കാലം. ഇതെ കാലയളവിൽ തന്നെ മദ്രാസിലെ പ്രാന്തപ്രദേശമായ തിരുവാൻമിയൂരിൽ (Thiruvanmiyur) നിന്നും നിരവധി മനുഷ്യർ തങ്ങളുടെ പെൺമക്കളെ കാണാനില്ല എന്ന പരാതിയുമായി തമിഴ്നാട് ഗവർണ്ണറായ പി.സി. അലക്സാണ്ടറിനെ സമീപിക്കുന്നു. നിലവിളിയും അഭ്യർത്ഥനയും നിറഞ്ഞതായിരുന്നു അവരുടെ ഓരോ വാക്കുകളും. ആ ഗ്രാമത്തിലെ പല വീടുകളിൽ നിന്നായി നിരവധി പെൺകുട്ടികളെ കാണാതെ പോകുന്നു. പലരെയും കാണാതെയായിട്ട് മാസങ്ങൾ പിന്നിട്ടു. പോലിസിൽ പരാതിപ്പെtട്ടിരുന്നെങ്കിലും കാണാതെയായ പെൺകുട്ടികൾ സാധാരണക്കാരുടെ മക്കളായത് കൊണ്ട് തന്നെ പോലീസ് അത്രകണ്ട് വലിയ പ്രാധാന്യം പരാതികൾക്ക് നൽകിയിരുന്നില്ല. ഒടുവിൽ, ഗവർണ്ണർ ഗ്രാമീണരുടെ പരാതിയിൽ ഇടപ്പെടുന്നു. അതോടെ പെൺകുട്ടികളുടെ തിരോധനത്തെപ്പറ്റി അന്വേഷിക്കുവാൻ പുതിയൊരു അന്വേഷണ സംഘത്തിന് രൂപം നൽകുന്നു. ( Auto Shankar’s Dark Reign)
തിരുവാൻമിയൂരിൽ നിന്നും പെൺകുട്ടികളെ കാണാതെയാകുമ്പോൾ ആദ്യം വീട്ടുകാർ പോലിസിൽ പരാതിപ്പെടുന്നു. എന്നാൽ പരാതിയുമായി എപ്പോഴൊക്കെ പോലീസ് സ്റ്റേഷനിലേക്ക് പോയാലും പരാതിക്കാരെ ആട്ടിയോടിക്കുകയാണ് പതിവ്. ജനങ്ങൾ സ്വന്തം നിലയ്ക്ക് തിരച്ചിൽ നടത്തിയെങ്കിലും അവർക്കും പെൺകുട്ടികളെ സംബന്ധിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ല. പെൺകുട്ടികളെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതോടെ പ്രേതങ്ങളാണ് പെൺകുട്ടികളെ കൊന്നതെന്ന കഥ കാട്ടുതീ പോലെ ആ ഗ്രാമത്തിൽ പടർന്നു. ഭീതിയുടെ നിഴലിൽ ആ ഗ്രാമത്തിലെ മനുഷ്യർ ഓരോ ദിവസവും അങ്ങനെ തള്ളിനീക്കി.
ഗവർണറുടെ ഇടപെടലോടുകൂടിയാണ് തിരുവാൻമിയൂരിലെ പെൺകുട്ടികളുടെ തിരോധാനത്തിൽ അന്വേഷണം ഊർജ്ജിതമാകുന്നത്. ഇതേ സമയത്താണ് തന്റെ ഭർത്താവ് സമ്പത്തിനെ കാണ്മാനില്ല എന്ന പരാതിയുമായി ഒരു സ്ത്രീ പോലീസിനെ സമീപിക്കുന്നത്. എന്നാൽ, ഈ തിരോധാനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും സമ്പത്തിനെ കുറിച്ച് പ്രത്യേകിച്ച് ഒരു തുമ്പും പോലീസിന് ലഭിക്കുന്നില്ല.
പെൺകുട്ടികളുടെ തിരോധാനവും ഓട്ടോ ശങ്കറും
1988, പോലീസിനെ തേടി ഒരു പരാതിയെത്തുന്നു, ഒരു മദ്യക്കടയുടെ മുൻപിൽ വച്ച് തന്നെ ഒരു ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചു എന്നതായിരുന്നു പരാതി. ഒരു പക്ഷെ ഗ്രാമത്തിലെ മറ്റു പെൺകുട്ടികളുടെ തിരോധാനത്തിന് പിന്നിലും ആ ഓട്ടോ ഡ്രൈവറാകുമോ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്കുള്ളിൽ ഉയരുന്നു. മദ്രാസിനും സമീപ പ്രദേശത്തെ മദ്യക്കടകളും കേന്ദ്രികരിച്ച് പോലീസ് അന്വേഷണം വിപുലീകരിക്കുന്നു. ഒളിഞ്ഞും മറിഞ്ഞും പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഓട്ടോ ശങ്കർ (Auto Shankar) എന്ന പേര് ഉയർന്നു വന്നത്. ഒന്നുമില്ലായിമയിൽ നിന്നും തുടങ്ങി മദ്രാസിൽ തേർവാഴ്ച നടത്തിയ ഓട്ടോ ശങ്കർ എന്ന കൊടും കുറ്റവാളി.
1954 ജനുവരി 21, വെല്ലൂരിനടുത്ത് കാങ്കേയനല്ലൂരിലാണ് ഓട്ടോ ശങ്കർ എന്ന ഗൗരി ശങ്കറിന്റെ (Gowri Shankar) ജനനം. 1970 കളുടെ തുടക്കത്തോടെയാണ് ശങ്കർ ചെന്നൈയിൽ എത്തുന്നത്. ആദ്യമൊക്കെ സൈക്കിൾറിക്ഷ ചവിട്ടി നടന്ന ശങ്കർ, പതിയെ ഓട്ടോ ഡ്രൈവറായി മാറുന്നു. അങ്ങനെ ചെന്നൈയുടെ tതെരുവുകളിലൂടെ ഓട്ടോയുമായി കറങ്ങി നടന്ന ഗൗരി ശങ്കറിന് ഓട്ടോ ശങ്കർ എന്ന വിളിപ്പേര് ലഭിക്കുന്നു. തമിഴ്‌നാട്ടിൽ മദ്യം നിരോധിച്ച കലാമായിരുന്നു അത്, ചാരായവറ്റുകൾ സജീവമായിരുന്ന കാലം. ഓട്ടോ ഓടിച്ചത് കൊണ്ട് തനിക്ക് അത്ര വലിയ നേട്ടങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല എന്ന അറിയാമായിരുന്ന ശങ്കർ പതിയെ ചാരായക്കടത്തിലേക്ക് തിരിയുന്നു. തിരുവാൻമിയൂർ ഗ്രാമത്തിൽ നിന്നും ചെന്നൈയുടെ പല ഭാഗത്തായി അയാൾ ചാരായം കടത്തി. ചാരായ കടത്ത് നല്ല സാമ്പത്തിക നേട്ടം തന്നെ ശങ്കറിന് നേടിക്കൊടുക്കുന്നു. അങ്ങനെ ഓട്ടോയുടെ മറവിൽ ചാരായ കടത്തിൽ ശങ്കർ സജീവമാകുന്നു. പണം കൊണ്ട് രാഷ്ട്രീയക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും ശങ്കർ വിലയ്ക്ക് വാങ്ങുന്നു. പലരെയും കൂട്ടി സ്വന്തമായി ഒരു അധോലോക സംഘത്തിന് തന്നെ അയാൾ രൂപം നൽകി. അധികം വൈകാതെ ശങ്കറിന് ചാരായ കടത്ത് മടുത്തു തുടങ്ങി. ചാരായക്കടത്തിനേക്കാൾ പണം പെൺവാണിഭത്തിലൂടെ സമ്പാദിക്കാൻ കഴിയുമെന്ന് ശങ്കറിന് മനസിലാകുന്നു.
സ്വന്തം നിലയിൽ തന്നെ പെൺവാണിഭത്തിനായി നിരവധി കേന്ദ്രങ്ങൾ ശങ്കർ തുടങ്ങുന്നു. തിരുവാൻമിയൂരിലെ ചെറു കുടിലുകളിലായി കേന്ദ്രങ്ങൾ ഒരുക്കുന്നു.
സ്വന്തം സഹോദരൻ ഉൾപ്പെടെയുള്ളവരെ കൂടെ കൂട്ടി ചെന്നൈ പട്ടണത്തിൽ ഉടനീളം ലോഡ്ജുകളിൽ പെൺവാണിഭത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തി. രാഷ്ട്രീയക്കാർ, പോലിസുകാർ, സമൂഹത്തിലെ ഉന്നതരായ നിരവധി മനുഷ്യരായിരുന്നു ശങ്കർ ഒരുക്കിയ പെൺവാണിഭ കണ്ണിയിലെ പ്രധാനികൾ. ശങ്കറിനോടൊപ്പം അയാളുടെ ആജ്ഞകൾ കേട്ട് അത് നടപ്പിലാകുവാനായി ഇളയ സഹോദരൻ മോഹൻ, സുഹൃത്തുക്കളായ എൽഡിൻ, ശിവജി, ജയവേലു, രാജരാമൻ, രവി, പളനി, പരമശിവം എന്നിങ്ങനെ ഒരു ചെറു സംഘം തന്നെ ഉണ്ടായിരുന്നു. 1980 കളുടെ തുടക്കത്തോടെ ശങ്കറിന്റെ വളർച്ച ആരംഭിക്കുന്നു.
ശങ്കറിനെ തേടി ആവശ്യക്കാർ നിരവധി എത്തുവാൻ തുടങ്ങി. അതോടെ ലൈംഗിക തൊഴിലാളികൾ മതിവരാതെയായി. അങ്ങനെ തിരുവാൻമിയൂരിലെ പെൺകുട്ടികളെ ലക്ഷ്യമിട്ട് ശങ്കറും സംഘവും പ്രവർത്തനം ആരംഭിക്കുന്നു. ആവശ്യക്കാർക്കായി ഒന്നിന് പിറകെ ഒന്നായി നിരവധി പെൺകുട്ടികളെ ശങ്കറും സംഘവും തട്ടിക്കൊണ്ടു പോകുന്നു. ഇങ്ങനെ പെൺവാണിഭത്തിനായി കൊണ്ടുവരുന്ന സ്ത്രീകളിൽ ഇഷ്ടപ്പെട്ടവരെ ശങ്കർ തന്നെ വിവാഹം കഴിക്കുന്നു.
പിടിയിലാകുന്ന ശങ്കർ
തിരുവാൻമിയൂരിലെ പെൺകുട്ടികളുടെ തിരോധാനത്തിന് പിന്നിൽ ശങ്കറും സംഘവുമാണ് എന്ന് പോലീസിനെ ഏറെക്കുറെ ഉറപ്പിക്കുന്നു. എന്നാൽ ശങ്കറിനെ പിടികൂടുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ശങ്കറിനായി ജീവൻ നൽകാൻ തയ്യാറായി നിരവധി മനുഷ്യർ ചെന്നൈ നഗരത്തിൽ ഉടനീളം ഉണ്ടായിരുന്നു. ശങ്കറിന്റെ വിഹാരകേന്ദ്രമായ തീരദേശ മേഖലയിൽ പോലീസുകാർക്ക് അടുക്കുവാൻ പോലും സാധിക്കില്ല എന്നത് പോലീസിനും വ്യക്തമായി. എങ്ങനെയെങ്കിലും ശങ്കറിനെ പിടികൂടണം, പിന്മാറുവാൻ സാധിക്കില്ല, പോലീസിന്റെ അന്തസ്സിനെ തന്നെ ബാധിക്കുന്ന വിഷയമായി ശങ്കർ മാറി. എന്നാൽ അധികം വൈകാതെ തന്നെ ശങ്കറും കൂട്ടരും പോലീസിന്റെ വലയിലായി. പോലീസ് പിടിയിലായ ശങ്കർ ഒന്നും തന്നെ മറച്ചുവച്ചില്ല. ശങ്കറിൽ നിന്നും പോലീസിന് കാണാതെയായ പെൺകുട്ടികളെ കുറിച്ചായിരുന്നു അറിയേണ്ടത്. എന്നാൽ ശങ്കർ വെളിപ്പെടുത്തിയത് അയാളുടെ കൊലപാത പരമ്പരകളെ കുറിച്ചാണ്. സ്വന്തം ഭാര്യ ഉൾപ്പെടെ ആറുപേരായാണ് ശങ്കർ കൊലപ്പെടുത്തിയത്.
ശങ്കറിന്റെ ആദ്യത്തെ ഇര അയാളുടെ പെൺവാണിഭ സംഘത്തിന്റെ ഭാഗമായിരുന്ന ലളിതയായിരുന്നു. ശങ്കറിന്റെ കൂട്ടാളിയായ ചുടലമുത്തുവിനോടൊപ്പം ലളിത ഒളിച്ചോടുന്നു. തുടർന്ന് ഇരുവരും സ്വന്തം നിലയ്ക്ക് തന്നെ ഒരു പെൺവാണിഭ സംഘം ആരംഭിക്കുന്നു. ലളിതയുടെയും ചുടലമുത്തുവിന്റെയും ഒളിച്ചോട്ടതെക്കാൾ ശങ്കറിനെ ചൊടിപ്പിച്ചത് ശങ്കറിന്റെ സാമ്രാജ്യത്തിലേക്കുള്ള അവരുടെ കടന്നുകയറ്റമായിരുന്നു. അവരോടുള്ള തീർത്താൽ തീരാത്ത പക പ്രതികാരമായി തീർന്നു.
ആദ്യം ലളിതയെ കൊലപ്പെടുത്തുന്നു. ലളിത കൊല്ലപ്പെട്ട ഏതാനം മാസങ്ങൾ കഴിഞ്ഞ് ചുടലമുതിവിനെ സൗഹൃദ സംഭാഷണം എന്ന വ്യാജേന ശങ്കറും സംഘവും വീട്ടിലേക്ക് ക്ഷണിക്കുന്നു. ലളിത എവിടെയെന്ന ചുടലയുടെ ചോദ്യത്തിന് ശങ്കർ നൽകിയ മറുപടി, അവൾ ഒരു വിഐപിയോടൊപ്പം ഇന്ത്യ മൊത്തം ചുറ്റി കാണുന്നതിന് പോയിരിക്കുകയാണ് എന്നാണ്. ചുടല ശങ്കർ പറഞ്ഞ നുണ അപ്പാടെ വിശ്വസിക്കുന്നു. ഒട്ടും വൈകാതെ ശങ്കറും സംഘവും ചുടലയെയും കൊലപ്പെടുത്തുന്നു.
ചുടലയെ കൊലപ്പെടുത്തിയ ശേഷം ശരീരം പെട്രോൾ ഒഴിച്ച് കത്തിക്കുന്നു. കത്തിക്കരിഞ്ഞ ശവശരീരം കടലിൽ ഉപേക്ഷിക്കുന്നു. ചുടല കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ഉള്ളിൽ ചുടലയുടെ സുഹൃത്ത് രവി ചുടലയെ തിരക്കി നേരെ ശങ്കറിന്റെ അടുത്തെത്തുന്നു. ലളിതയുടെയും ചുടലയുടെയും തിരോധനത്തിന് പിന്നിൽ ശങ്കറും സംഘവുമാണ് എന്ന് തനിക്ക് അറിയാമെന്നും, തനിക്ക് ഒരു ഓട്ടോ വാങ്ങി തന്നാൽ താൻ ഇതൊന്നും പോലീസിനോട് പറയില്ല എന്നായിരുന്നു രവിയുടെ വാക്കുകൾ. എന്നാൽ രവിയെയും ശങ്കർ കൊലപ്പെടുത്തുന്നു. രവിയെ കുറിച്ച് അന്വേഷിച്ച് രവിയുടെ അമ്മ ശങ്കറിനെ തേടിയെത്തുന്നു. മകൻ ജോലി അന്വേഷിച്ച് ബോംബെയിലേക്ക് പോയതെന്ന് രവിയുടെ അമ്മയെ പറഞ്ഞ് അവർ വിശ്വസിപ്പിക്കുന്നു. ശങ്കറിന്റെ വാക്കുകൾ വിശ്വസിച്ച അമ്മ തിരികെ പോകുന്നു. അധികം വൈക്കത്തെ രവി ബോംബയിൽ നിന്നും അയച്ച കത്ത് എന്ന വ്യാജേനെ ശങ്കർ രവിയുടെ അമ്മയക്ക് ഒരു കത്തയക്കുന്നു.
മോഹൻ, സമ്പത്ത്, ഗോവിന്ദ് രാജ് എന്നീ മൂന്ന് യുവാക്കളെ കൂടി ശങ്കർ കൊലപ്പെടുത്തുന്നു. പെൺവാണിഭവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇവരുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഒന്നിന് പിറകെ ഒന്നായി ശങ്കർ നടത്തിയ വെളിപ്പെടുത്തലുകൾ തമിഴ്‌നാടിനെ ആകെ അമ്പരപ്പിച്ചിരുന്നു. ശങ്കറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അഞ്ച് ശവശരീരങ്ങൾ കണ്ടെത്തുകയുണ്ടായി. ശങ്കർ പിടിക്കപ്പെട്ടതോടെ നിരവധി പ്രമുഖരുടെ പേരുകൾ പുറത്തു വന്നു. ശങ്കർ കുറ്റകരമാണ് എന്ന് തെളിയുന്നു. തുടർന്ന് ശങ്കറിനെ ജയിലിലേക്ക് മാറ്റി. വൈകാതെ ജയിലിൽ ശങ്കർ രാജകീയ ജീവിതമാണ് നയിച്ചത്. അയാളുടെ ആജ്ഞകൾ അനുസരിക്കുവാൻ ജയിലിലും നിരവധി പേരുണ്ടായിരുന്നു. ജയിൽ വാർഡിന്റെയും ഒരു സ്ത്രീയുടെയും സഹായത്തോടെ, 1990, ഓഗസ്റ്റ് 21 ന് ചെന്നൈ സെൻട്രൽ ജയിൽ ശങ്കർ ചാടുന്നു. ഒഡീഷയിലേക്ക് രക്ഷപ്പെട്ട ശങ്കറിനെ അധികം വൈകാതെ പോലീസ് പിടികൂടുന്നു.
ചെങ്കല്‍പ്പേട്ട് സെഷന്‍ കോടതിയിൽ നടന്ന വിചാരണയിൽ, ആറ് കൊലപാതകങ്ങൾക്ക് പിന്നിലും ശങ്കറാണ് എന്ന് തെളിയുന്നു. ശങ്കറിനും കൂട്ടാളികളായ എല്‍ദിന്‍, ശിവാജി എന്നിവര്‍ക്കും കോടതി വധശിക്ഷ വിധിക്കുന്നു. 1995 ഏപ്രില്‍ 27-ന് സേലം സെന്‍ട്രല്‍ ജയിലില്‍ വച്ച് ശങ്കറിനെ തൂക്കിലേറ്റി. ഒരു നാട് തന്നെ ഭയന്നിരുന്ന കുറ്റവാളിയായിരുന്ന ശങ്കറിന്റെ മരണ വാർത്ത തമിഴ് നാട്ടിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്നായിരുന്നു. വധശിക്ഷ ജീവപര്യന്തമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ശങ്കര്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമർപ്പിക്കുന്നു. എന്നാല്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ്മ ദയാഹര്‍ജി തള്ളിയിരുന്നു.
Summary: Auto Shankar, once a humble rickshaw puller, rose to become a notorious criminal who reigned over Chennai’s underworld through illicit liquor trade and human trafficking in the 1980s. His arrest following the disappearance of several girls from Thiruvanmiyur exposed a series of gruesome murders he committed against those who opposed his empire. Shankar and his gang were found guilty of multiple homicides, and after a failed attempt to escape prison, he was executed at Salem Central Jail in 1995.

