തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനം തടയുന്നതിനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കുന്നതിനുമായി കേരള സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അയൽ സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത പ്രവർത്തനം നടത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ കർണാടക, തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.(Operation Toofan, Kerala Seeks Collaborative Action With Neighboring States)
ലഹരി മാഫിയകൾ സംസ്ഥാനാന്തര ശൃംഖലകളായാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. അതിർത്തി മേഖലകൾ, പ്രധാന റോഡ് ഇടനാഴികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ലഹരി കടത്തിനായി ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു. നിലവിൽ പല അന്തർസംസ്ഥാന ലഹരി കടത്തുകാരെയും പിടികൂടാൻ കേരള പോലീസിന് സാധിച്ചിട്ടുണ്ട്. എന്നാൽ, ഈ മാഫിയകളെ പൂർണ്ണമായും തകർക്കാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള തത്സമയ വിവര കൈമാറ്റവും സംയുക്ത ഓപ്പറേഷനുകളും അനിവാര്യമാണെന്ന് സർക്കാർ വിശ്വസിക്കുന്നു.
ലഹരി മാഫിയകളുടെ സാമ്പത്തിക ശൃംഖലകൾ തകർക്കാനും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടാനുമാണ് ഓപ്പറേഷൻ തൂഫാനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ ഭാഗമായി കേരളം, കർണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് സംയുക്ത കർമ്മപദ്ധതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പുട്ട വിക്രമാദിത്യ എന്നിവരടങ്ങുന്ന ഉന്നത സംഘം അയൽ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്താൻ തയ്യാറാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Story Summary
To strengthen ‘Operation Toofan’ against drug trafficking, Kerala Chief Minister V.D. Satheesan has urged the Chief Ministers of Karnataka, Tamil Nadu, and Puducherry to initiate collaborative efforts. The plan includes intelligence sharing, joint operations, and high-level meetings between senior officials to dismantle cross-border drug networks and their financial chains.

