കോഴിക്കോട്: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച സർക്കാർ നടപടിക്കെതിരെ കാന്തപുരം വിഭാഗം രംഗത്ത്. മുഖപത്രമായ ‘സിറാജി’ന്റെ എഡിറ്റോറിയലിലൂടെയാണ് സർക്കാരിനെതിരെ കാന്തപുരം വിഭാഗം അതിരൂക്ഷമായ വിമർശനമുന്നയിച്ചിരിക്കുന്നത്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടി ദൂരവ്യാപകമായ ദൂഷ്യഫലങ്ങൾ ഉളവാക്കുമെന്നും ഇത് മദ്യവ്യാപനത്തിന് പച്ചക്കൊടി കാണിക്കുന്നതിന് തുല്യമാണെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.(Kanthapuram Faction Criticizes Kerala Govt Liquor Tax Policy)
വീര്യം കുറഞ്ഞ മദ്യമെന്ന പേരിൽ പുതിയ കമ്പനികളെ കേരള വിപണിയിലേക്ക് കൊണ്ടുവരുന്നത് കൂടുതൽ യുവാക്കളെ മദ്യപാനത്തിലേക്ക് ആകർഷിക്കാൻ ഇടയാക്കും. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഇത്തരം മദ്യനയങ്ങളെ നിശിതമായി വിമർശിച്ച വി.ഡി. സതീശൻ ഇപ്പോൾ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിനെ ഇവർ വിമർശിച്ചു.
കാർഷിക ഇളവുകളുടെ മറവിൽ വൻകിട മദ്യക്കമ്പനികളെ സഹായിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് വലിയ അഴിമതിയിലേക്ക് വഴിവെച്ചേക്കാം. ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ നടക്കുമ്പോൾ തന്നെ മറുവശത്ത് മദ്യവ്യാപനത്തിന് സർക്കാർ അവസരമൊരുക്കുന്നത് വിരോധാഭാസമാണ്.
എക്സൈസ് വകുപ്പോ മന്ത്രിയോ പോലും അറിയാതെയാണ് ഇത്തരമൊരു നികുതി ഘടന ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും എഡിറ്റോറിയലിൽ ആരോപണമുണ്ട്. നികുതിഘടന തീരുമാനിച്ചതിൽ എക്സൈസ് മന്ത്രിക്ക് പങ്കില്ലെന്നും, നയപരമായ വലിയൊരു മാറ്റം മുന്നണിയിൽ ചർച്ച ചെയ്യാതെ ധനകാര്യ വകുപ്പ് മാത്രം തീരുമാനിച്ചതാണെന്നും ഇതിൽ ചൂണ്ടിക്കാട്ടുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ അടക്കമുള്ളവർ ഈ തീരുമാനത്തെ എതിർത്ത സാഹചര്യത്തിൽ, സർക്കാർ തങ്ങളുടെ നിലപാട് തിരുത്താൻ തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Story Summary
The Kanthapuram faction, through its mouthpiece, has strongly criticized the government’s budget proposal to lower taxes on low-alcohol beverages. They argue that this move will encourage alcohol consumption among the youth, foster corruption, and contradicts the government’s ongoing anti-drug campaigns. The editorial also raises concerns that the decision was made without proper consultation within the ruling front or the Excise Department.

