തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്ത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ സംഘപരിവാർ വിധേയമാണെന്നും, അധികാരത്തിലേറാൻ നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പൂർണ്ണമായും പിന്നോട്ട് പോയെന്നും അദ്ദേഹം ആരോപിച്ചു. സിപിഐഎം, സിപിഐ മുഖപത്രങ്ങളിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം സർക്കാരിനെതിരെ ആഞ്ഞടിച്ചത്.(Pinarayi Vijayan Criticizes UDF Government Over Sangh Parivar Allegations)
സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ മുതൽ സംഘപരിവാറിന് വഴങ്ങിക്കൊടുക്കുന്ന സമീപനമാണ് കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുത്ത വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നെഹ്റുവിയൻ സോഷ്യലിസ്റ്റ് നയങ്ങളിൽ നിന്ന് സർക്കാർ വ്യതിചലിച്ചു. കേന്ദ്ര നയങ്ങൾക്കെതിരെ ഒരക്ഷരം പോലും മിണ്ടാൻ സർക്കാർ തയ്യാറാകുന്നില്ല. സംസ്ഥാനത്തിന്റെ തന്ത്രപ്രധാനമായ മേഖലകൾ സ്വകാര്യവൽക്കരിക്കാൻ രഹസ്യനീക്കങ്ങൾ നടക്കുന്നുണ്ട്. സർക്കാർ പുറത്തിറക്കിയ ധവളപത്രം എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളെ തകർക്കാനുള്ള ഗൂഢശ്രമമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
യുഡിഎഫ് ഉയർത്തുന്ന ‘പുതുയുഗം’ എന്ന മുദ്രാവാക്യം കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തെ തകർക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു. പി.എം. ശ്രീ പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ നയം വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി നിയന്ത്രണം, വന്യജീവി ആക്രമണം എന്നിവ നേരിടുന്നതിൽ സർക്കാർ പരാജയമാണെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ വെറും വോട്ട് തട്ടാനുള്ള തന്ത്രം മാത്രമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെയും അദ്ദേഹം ലേഖനത്തിൽ പരിഹസിച്ചു.
Story Summary
Leader of the Opposition Pinarayi Vijayan has launched a scathing attack on the UDF government, accusing it of being submissive to the Sangh Parivar and failing to fulfill its election promises. In articles published in Deshabhimani and Janayugam, he criticized the government’s approach towards central policies, privatization, and its handling of critical issues like infectious diseases and human-wildlife conflict.

