തിരുവനന്തപുരം: ലഹരി മാഫിയകൾക്കെതിരെ കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ വിപുലീകരിക്കാനും ശക്തമാക്കാനും തീരുമാനം. കേന്ദ്ര ഏജൻസികളുടെ സഹകരണത്തോടെ പദ്ധതി കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേന്ദ്ര ഏജൻസി പ്രതിനിധികളുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.(Operation Toofan Against Drug Mafia In Kerala Intensifies)
ഓപ്പറേഷൻ തൂഫാൻ തുടങ്ങി 15 ദിവസം പിന്നിടുമ്പോൾ വലിയ നേട്ടമാണ് പോലീസ് കൈവരിച്ചിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ 10 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പോലീസ് പിടികൂടിയത്. ആകെ 2,575 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2,778 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിച്ചെടുത്തവയിൽ 1.58 കിലോഗ്രാം എംഡിഎംഎയും, 146.45 കിലോഗ്രാം കഞ്ചാവും ഉൾപ്പെടുന്നു.
ഓപ്പറേഷൻ തൂഫാൻ മൂന്ന് ഘട്ടങ്ങളിലായാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. തൂഫാൻ സ്‌ട്രൈക്‌സ് എന്നത് ലഹരി മാഫിയയെ കണ്ടെത്താനും കുറ്റകൃത്യങ്ങൾ പിടികൂടാനുമുള്ള നടപടികൾ ആണ്. തൂഫാൻ വാരിയേഴ്‌സ് സമൂഹത്തെ മുഴുവൻ പങ്കാളികളാക്കിക്കൊണ്ടുള്ള ശക്തമായ ലഹരിവിരുദ്ധ പ്രചാരണ പരിപാടികളും, തൂഫാൻ കെയർ ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും പുനരധിവസിപ്പിക്കാനുമുള്ള ശ്രമങ്ങളുമാണ്.
ലഹരിയുടെ വേരറുക്കുന്നത് വരെ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ ഉയർന്നുവന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തന രീതികളിൽ കൂടുതൽ ശാസ്ത്രീയമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
Story Summary
The Kerala government is set to expand ‘Operation Toofan,’ an anti-drug initiative led by the state police in collaboration with central agencies. In just 15 days, authorities have seized drugs worth ₹10 crore, resulting in over 2,700 arrests, and will now focus on a three-phased approach covering enforcement, awareness, and rehabilitation.

