തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ പിടികൂടാനെത്തിയ പോലീസിന് നേരെ അക്രമം. ഒളിവിലായിരുന്ന പ്രതിയെ പിടികൂടുന്നതിനിടെയാണ് വട്ടിയൂർക്കാവ് മേഖലയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. പോലീസിനെ തടയാൻ ശ്രമിച്ച കൗൺസിലറും സംഘവും ഉദ്യോഗസ്ഥരെ മർദ്ദിച്ചതായാണ് പരാതി.(Sugathan Councilor Arrested Vattiyoorkavu Police Clash)
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴോട്ടുകോണത്തെ വീട്ടിലെത്തിയ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത്ത് എന്നിവർക്ക് നേരെയാണ് സുഗതനും അനുയായികളും ആക്രമണം നടത്തിയത്. സ്ഥിതിഗതികൾ വഷളായതോടെ ആത്മരക്ഷാർത്ഥം സിഐ വിപിൻ സർവീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തു. തുടർന്നാണ് സാഹസികമായി സുഗതനെ പോലീസ് കീഴ്പ്പെടുത്തിയത്. പരിക്കേറ്റ സിഐയെയും എസ്ഐയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിഐ വിപിനെ കൂടുതൽ പരിശോധനകൾക്കായി സ്‌കാനിംഗിന് വിധേയനാക്കി.
നേരത്തെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന സുഗതന്റെ സ്ഥാനാർത്ഥിത്വം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ സുഗതന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഏഴാം തീയതിക്ക് മുൻപ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നെങ്കിലും, ഉത്തരവ് ലംഘിച്ച് ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
അതേസമയം, പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഗതൻ രംഗത്തെത്തി. താൻ ചിക്കൻപോക്സ് ബാധിതനാണെന്നും, കോടതിയിൽ ഹാജരാകാൻ രണ്ടു ദിവസത്തെ സമയം ചോദിച്ചിട്ടും പോലീസ് അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റിനെ എതിർത്ത തന്റെ ഭാര്യയെയും മകനെയും പോലീസ് ക്രൂരമായി മർദ്ദിച്ചതായും സുഗതൻ മാധ്യമങ്ങളോട് പറഞ്ഞു.
Story Summary
A BJP councilor named Sugathan, who was wanted in an attempted murder case, was arrested by the police in Thiruvananthapuram following a dramatic confrontation. During the arrest, the councilor and his associates allegedly assaulted the police officers, forcing the CI to fire in the air for self-defense.

