ഇടുക്കി: വാഗമണ്ണിലെ ഉൾക്കാട്ടിൽ വഴിതെറ്റി കുടുങ്ങിയ രണ്ട് യുവാക്കളെ മൂന്നു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മൂവാറ്റുപുഴ സ്വദേശികളായ ശ്യാം ടി. കുഞ്ഞുമോൻ (31), നിഖിൽ ബിനു (23) എന്നിവരെയാണ് പുള്ളിക്കാനം എസ് വളവിന് സമീപത്തെ കാട്ടിൽ നിന്ന് സാഹസികമായി പുറത്തെത്തിച്ചത്.(Fire and rescue team rescues youths stranded in Vagamon forest)
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ബൈക്കിലെത്തിയ ഇവർ, വാഹനം റോഡരികിൽ ഒതുക്കി കാഴ്ചകൾ കാണാനായി അരക്കിലോമീറ്ററോളം ഉൾവനത്തിലേക്ക് നടക്കുകയായിരുന്നു. എന്നാൽ, പെട്ടെന്നുണ്ടായ കനത്ത കോടമഞ്ഞും ഇരുട്ടും ഇവരെ വഴിതെറ്റിച്ചു.
തിരിച്ചു വരാൻ ശ്രമിക്കുന്നതിനിടെ മുന്നിൽ അഗാധമായ കൊക്ക കണ്ടതോടെ ഭയന്ന ഇവർ വഴി കണ്ടെത്താനാകാതെ കുടുങ്ങി. ഇതിനിടെ ഒരാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാവുകയും ചെയ്തു. അപകടം മണത്ത യുവാക്കൾ ഉടൻ തന്നെ മൂലമറ്റം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. എന്നാൽ മൊബൈൽ റേഞ്ചില്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സമായെങ്കിലും, ഇടയ്ക്ക് ലഭിച്ച ഗൂഗിൾ ലൊക്കേഷൻ സഹായത്തോടെ സേനാംഗങ്ങൾ തിരച്ചിൽ ഊർജിതമാക്കി. മുക്കാൽ മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. കെ. സന്ദീപ്, ജിബി പി. വരമ്പനാട്ട്, ജെയിംസ് തോമസ്, ഷിന്റോ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Story Summary
Two youths from Muvattupuzha were rescued by the Moolamattom Fire and Rescue team after they got lost in the dense forests near Vagamon due to sudden fog and darkness. After struggling to find their way back and facing the threat of a deep gorge, the youths contacted the fire force, who successfully located them using GPS coordinates and torches after an intensive search.

