ബെയ്റൂട്ട്: അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേലും ലെബനനും തമ്മിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ പൂർണ്ണമായും തള്ളിക്കളഞ്ഞ് ഹിസ്ബുല്ല. കരാറിലെ വ്യവസ്ഥകൾ ലെബനനെ അപമാനിക്കുന്നതാണെന്നും, ഇത് തങ്ങളുടെ കീഴടങ്ങലിന് തുല്യമാണെന്നും ഹിസ്ബുല്ല മേധാവി നയീം ഖാസിം വ്യക്തമാക്കി.(Hezbollah Rejects Israel Lebanon Ceasefire Agreement)
ഹിസ്ബുല്ല അംഗങ്ങൾക്ക് പൂർണ്ണ വിലക്കേർപ്പെടുത്തിക്കൊണ്ട് ലെബനനിൽ ‘പൈലറ്റ്’ സുരക്ഷാ മേഖലകൾ സ്ഥാപിക്കണമെന്ന വ്യവസ്ഥയാണ് കരാറിലുള്ളത്. ഇതുകൂടാതെ, ഹിസ്ബുല്ല ഇസ്രായേലിന് നേരെ നടത്തുന്ന ആക്രമണങ്ങൾ പൂർണ്ണമായി നിർത്തണമെന്നും ആവശ്യപ്പെടുന്നു. ഈ വ്യവസ്ഥകൾ ലെബനൻ ജനതയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും, തെക്കൻ ലെബനൻ അതിർത്തിയിൽ നിന്ന് പിന്മാറാൻ തങ്ങൾ തയ്യാറല്ലെന്നും നയീം ഖാസിം പറഞ്ഞു. ഇസ്രായേലിന്റെ അജണ്ടകൾ നടപ്പിലാക്കിക്കൊടുക്കാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചർച്ചകളിൽ പുരോഗതിയുണ്ടെന്നും മേഖലയിൽ സമാധാനം പുലരുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദം. എന്നാൽ, കരാർ പ്രഖ്യാപനത്തിന് ശേഷവും ഹിസ്ബുല്ല കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് സമഗ്രമായ വെടിനിർത്തലിന് ധാരണയായത്. എന്നാൽ ഔദ്യോഗിക ചർച്ചകളിൽ പങ്കാളികളല്ലാതിരുന്ന ഹിസ്ബുല്ല, കരാറിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത് മേഖലയിലെ സംഘർഷം വീണ്ടും രൂക്ഷമാക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.
Story Summary
Hezbollah has officially rejected the US-brokered ceasefire agreement between Israel and Lebanon, labeling the terms as “humiliating” and equivalent to total surrender. While the US claims the deal could lead to lasting peace in the region, Hezbollah leadership insists they will not withdraw from the southern Lebanese border or accept security restrictions imposed by the agreement.

