ഡൽഹി: സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണിയായ ‘കോക്രോച്ച് പാർട്ടി’യുടെ (സി.ജെ.പി) ഔദ്യോഗിക എക്സ് (ട്വിറ്റർ) അക്കൗണ്ട് നിരോധിച്ചതിനെതിരെ ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ (Cockroach Party). പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാരിനും എക്സ് പ്ലാറ്റ്ഫോമിനും കോടതി നോട്ടീസയച്ചു. എന്നാൽ, അക്കൗണ്ട് ഉടൻ പുനഃസ്ഥാപിച്ച് നൽകണമെന്ന ഹർജിക്കാരന്റെ ആവശ്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതി തയ്യാറായില്ല. ഇതിനിടെ, തനിക്ക് നിലവിൽ വധഭീഷണിയുണ്ടെന്ന് ഹർജിക്കാരനായ അഭിജിത് ദീപ്കെ കോടതിയെ അറിയിച്ചു.
അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചില ഉള്ളടക്കങ്ങൾ ‘അല്പം അരോചകമാണ്’ എന്ന് ജസ്റ്റിസ് പുരുഷീന്ദ്ര കുമാർ കൗരവ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അക്കൗണ്ട് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെയും എക്സ് അധികൃതരുടെയും വിശദീകരണം കേട്ടതിനു ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കി. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് സർക്കാരിന്റെ വാദങ്ങൾ കേൾക്കുമെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകന് കോടതി ഉറപ്പു നൽകിയിട്ടുണ്ട്. ഹർജിക്കാരന് വേണ്ടി പ്രമുഖ അഭിഭാഷകൻ അഖിൽ സിബൽ കോടതിയിൽ ഹാജരായി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യാദവ് യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ കൂട്ടായ്മയാണ് സി.ജെ.പി. കഴിഞ്ഞയാഴ്ച കോടതി നടപടികൾക്കിടെ, “തൊഴിലില്ലാത്ത ചില യുവാക്കൾ സോഷ്യൽ മീഡിയ, ആർ.ടി.ഐ ആക്ടിവിസ്റ്റുകളായി മാറി സമൂഹത്തെ ആക്രമിക്കുകയാണെന്നും ഇവർ പാറ്റകളും (കോക്രോച്ചുകൾ) പരാന്നഭോജികളുമാണ്” എന്നും ചീഫ് ജസ്റ്റിസ് പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് കോക്രോച്ച് പാർട്ടി രൂപീകൃതമായത്.
സോഷ്യൽ മീഡിയയിൽ അതിവേഗം വളർന്ന സി.ജെ.പിയുടെ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള എക്സ് അക്കൗണ്ടാണ് കേന്ദ്ര നിർദ്ദേശപ്രകാരം നേരത്തെ പൂട്ടിച്ചത്. തുടർന്ന് ആരംഭിച്ച ‘കോക്രോച്ച് ഈസ് ബാക്ക്’ എന്ന പുതിയ അക്കൗണ്ടിനും ലക്ഷത്തിലധികം ഫോളോവേഴ്സായിട്ടുണ്ട്. ഭരണകക്ഷിയായ ബി.ജെ.പിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനെപ്പോലും പിന്നിലാക്കി കുതിക്കുകയായിരുന്ന സി.ജെ.പിയുടെ 21 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിക്കാൻ മൂന്ന് തവണ ശ്രമം നടന്നതായും ഇവർ ആരോപിക്കുന്നു.
Story Summary: The Delhi High Court has issued notices to the Central Government and X (formerly Twitter) over a petition challenging the ban on the ‘Cockroach Party’ account. However, the court declined to pass an immediate order to restore the account, noting some content was “a bit annoying”.

