ആലപ്പുഴ: കായംകുളം കറ്റാനത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന എൺപതുകാരി തങ്കമ്മയെ കൊലപ്പെടുത്തിയ കേസിൽ നാടിനെ നടുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് (Kayamkulam Thankamma murder case). തങ്കമ്മയെ പ്രതി കായലിൽ കെട്ടിത്താഴ്ത്തിയത് ജീവനോടെയായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം തങ്കമ്മ മരിച്ചുവെന്ന് കരുതിയാണ് പ്രതി സ്വർണ്ണം കവർന്നത്. തുടർന്ന് കൈകാലുകൾ ബന്ധിച്ച്, മൃതദേഹം പൊങ്ങി വരാതിരിക്കാൻ കല്ലുകൾ കെട്ടി കായലിലേക്ക് തള്ളുകയായിരുന്നു. എന്നാൽ കായലിൽ വീഴുമ്പോഴും ജീവനുണ്ടായിരുന്ന തങ്കമ്മയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മത്സ്യത്തൊഴിലാളിയും തങ്കമ്മയുടെ അകന്ന ബന്ധുവും അയൽവാസിയുമായ പ്രകാശനാണ് ക്രൂരമായ ഈ കൊലപാതകം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. വൃദ്ധയുടെ ശരീരത്തിലുണ്ടായിരുന്ന വളയും കമ്മലുമടക്കം ആറര പവൻ സ്വർണ്ണവും പണവും കവരാൻ വേണ്ടിയായിരുന്നു ഇയാൾ കൊടുംക്രൂരത ആസൂത്രണം ചെയ്തത്. കഴിഞ്ഞ ദിവസം തങ്കമ്മയെ വീട്ടിൽ കാണാതായതിനെ തുടർന്ന് അയൽവാസികൾ മകളെ വിവരമറിയിക്കുകയും, മകൾ പോലീസിൽ പരാതി നൽകുകയുമാണുണ്ടായത്.
പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ രണ്ടാം ദിവസമാണ് കായംകുളം കായലിൽ നിന്ന് കൈകാലുകൾ ബന്ധിച്ച നിലയിൽ തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയത്. തങ്കമ്മയുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാണ് ഇതിന് പിന്നിലെന്ന് പോലീസ് ആദ്യമേ ഉറപ്പിച്ചിരുന്നു. തങ്കമ്മയെ കാണാതായ ദിവസം വീട്ടിലെ ഗ്യാസ് അടുപ്പ് നന്നാക്കാനായി പ്രകാശൻ അവിടെ എത്തിയിരുന്നു എന്ന വിവരമാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്.
കൊലപാതകം നടത്തിയ ശേഷം പോലീസ് തങ്ങളെ സംശയിക്കില്ലെന്ന പൂർണ്ണ ഉറപ്പിലായിരുന്നു പ്രതി പ്രകാശൻ. കൊടുംക്രൂരതയ്ക്ക് ശേഷവും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ഇയാൾ നാട്ടിൽ സാധാരണ രീതിയിൽ നടക്കുകയായിരുന്നു. എന്നാൽ സംശയം തോന്നി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് നാടിനെ വിറപ്പിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതി നിലവിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.
Story Summary: Shocking details have emerged in the murder case of 80-year-old Thankamma, who was found dead in Kayamkulam lake. The autopsy report revealed that Thankamma was still alive when the accused, Prakashan, tied her up and threw her into the water with stones attached to ensure the body wouldn’t float. Prakashan, a fisherman and a distant relative, had struck her on the head and presumed she was dead before robbing her of 6.5 sovereigns of gold. The case took a turn when police discovered Prakashan had visited her house to repair a gas stove on the day she went missing. He was arrested after behaving normally in the neighborhood post-crime.

