ന്യൂഡൽഹി: സിബിഎസ്ഇ പുതുതായി നടപ്പിലാക്കിയ ഓൺ സ്ക്രീൻ മാർക്കിംഗ് ഡിജിറ്റൽ മൂല്യനിർണയ സംവിധാനത്തിലെ ഗുരുതരമായ പിഴവുകൾ വിദ്യാർത്ഥികളുടെ ഭാവിയെ ആശങ്കയിലാക്കുന്നു. മൂല്യനിർണയത്തിലും സ്കാനിംഗിലും സംഭവിച്ച വൻ വീഴ്ചകൾ ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി ഇരുന്നൂറിലധികം പരാതികളാണ് സിബിഎസ്ഇക്ക് ഇതുവരെ ലഭിച്ചത്. പല വിദ്യാർത്ഥികളുടെയും ഉത്തരക്കടലാസുകൾ പൂർണ്ണമായി സ്കാൻ ചെയ്യാത്തതും, മാർക്ക് രേഖപ്പെടുത്തിയതിലെ അലംഭാവവുമാണ് പ്രധാനമായും പരാതിക്ക് ഇടയാക്കിയത്. അതേസമയം, പരാതികൾ പരിഹരിക്കാൻ കൃത്യമായൊരു കേന്ദ്രീകൃത സംവിധാനം പോലുമില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.(CBSE On Screen Marking Controversial Errors Missing Pages Sparks Protest)
പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് സിബിഎസ്ഇ ആവർത്തിക്കുമ്പോഴും, പുനർമൂല്യനിർണ്ണയത്തിനായി ലഭിച്ച ഉത്തരക്കടലാസിന്റെ പകർപ്പുകളിൽ പേജുകൾ പൂർണ്ണമായി ഇല്ലെന്ന പരാതിയുമായി കേരളത്തിൽ നിന്നടക്കമുള്ള വിദ്യാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്. ഉത്തരക്കടലാസിലെ രണ്ട് പ്രധാന പേജുകളാണ് കാണാതായത്. ഈ പേജുകളിൽ എഴുതിയിരുന്ന മൂന്ന് മാർക്കിന്റെ ഉത്തരം മൂല്യനിർണയത്തിൽ ഉൾപ്പെട്ടിട്ടുമില്ല. പരീക്ഷാ ഏജൻസിയുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവം കാരണം സ്കാനിംഗ് സമയത്ത് ഈ പേജുകൾ നഷ്ടപ്പെട്ടതാകാമെന്നാണ് കരുതുന്നത്. സമാനമായ ഒട്ടനവധി പരാതികൾ സമൂഹമാധ്യമങ്ങളിലും ഉയരുന്നുണ്ട്.
ഡൽഹി സ്വദേശികളായ വേദാന്ത്, സഞ്ജന എന്നീ വിദ്യാർത്ഥികൾക്ക് ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളുടെ ഉത്തരക്കടലാസ് മാറി നൽകിയെന്ന പരാതിയിൽ സിബിഎസ്ഇ ഒടുവിൽ പിഴവ് സമ്മതിച്ചു. ഡിജിറ്റൈസ് ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും സംഭവിച്ച സാങ്കേതിക പിഴവാകാം ഇതിന് കാരണമെന്നാണ് സിബിഎസ്ഇ വൃത്തങ്ങളുടെ വിശദീകരണം. പരാതി ഉയർന്നതിന് പിന്നാലെ ഇവർക്ക് ശരിയായ ഉത്തരക്കടലാസ് ഇമെയിൽ വഴി നൽകിയതായും ബോർഡ് വ്യക്തമാക്കി.
Story Summary
The newly introduced On-Screen Marking (OSM) system by CBSE has sparked nationwide controversy due to severe evaluation errors and scanning failures, affecting over 200 students. Amid missing pages in answer scripts and mixed-up copies, PAC Chairman KC Venugopal has written to the PM seeking immediate intervention.

