കൊച്ചി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശനും എറണാകുളം ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും കൊച്ചി പൗരാവലി പ്രൗഢഗംഭീരമായ സ്വീകരണമൊരുക്കി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലേക്ക് മെഗാസ്റ്റാർ മമ്മൂട്ടി സർപ്രൈസ് അതിഥിയായി എത്തിയത് പ്രവർത്തകർക്കും ജനങ്ങൾക്കും ആവേശമായി.(CM VD Satheesan Grand Reception Kochi Paravur Mammootty Mohanlal Attend)
നടൻ കുഞ്ചാക്കോ ബോബനും കൊച്ചിയിലെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിക്കുകയും മികച്ച നേതൃത്വം നൽകാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. മുഖ്യമന്ത്രി പദവിയുടെ വലിയ ഉത്തരവാദിത്തങ്ങളെക്കുറിച്ച് മമ്മൂട്ടി വേദിയിൽ സംസാരിച്ചു.
ഞാൻ പഠിച്ച കോളേജിലാണ് സതീശനും പഠിച്ചത്. സിനിമയിൽ ഞാൻ കേരളത്തിന്റെയും ആന്ധ്രപ്രദേശിന്റെയും തമിഴ്‌നാടിന്റെയും ഒക്കെ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ അഭിനയിക്കുന്നത് കുറച്ചുകാലത്തേക്ക് മാത്രമാണ്. പക്ഷേ യഥാർത്ഥ ജീവിതത്തിൽ ഒരു മുഖ്യമന്ത്രിയായിരിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള പണിയാണ്. എല്ലാവരെയും ഒന്നിച്ച് നയിക്കേണ്ട വലിയൊരു ഉത്തരവാദിത്തമാണ് ഇപ്പോൾ സതീശന്റെ ചുമലിൽ എത്തിയിരിക്കുന്നത്, മമ്മൂട്ടി പറഞ്ഞു.
മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ റോജി എം. ജോൺ, അബ്ദുൽ ഗഫൂർ, അനൂപ് ജേക്കബ് എന്നിവർക്കും എറണാകുളം ജില്ലയിൽ നിന്നുള്ള പ്രമുഖ ജനപ്രതിനിധികളായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, ഉമാ തോമസ്, മാത്യു കുഴൽനാടൻ, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, ടോണി ചമ്മണി, ദീപക് ജോയ്, മനോജ് മൂത്തേടൻ എന്നിവർക്കും പൗരാവലി സ്വീകരണം നൽകി. ജില്ലയിൽ നിന്നുള്ളവരായ ആറന്മുള എം.എൽ.എ അബിൻ വർക്കി, പാലക്കാട് എം.എൽ.എ രമേഷ് പിഷാരടി എന്നിവരും ആദരം ഏറ്റുവാങ്ങി.
സത്യപ്രതിജ്ഞയ്ക്ക് ശേഷം സ്വന്തം നിയോജകമണ്ഡലമായ പറവൂരിലേക്ക് എത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് വൈകീട്ട് അഞ്ചിന് പറവൂർ പൗരാവലിയുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. പറവൂർ സമൂഹം ഹൈസ്‌കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പരിപാടി നടക്കുക. മുഖ്യമന്ത്രിയെ വരവേൽക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് പറവൂരിൽ ഒരുക്കിയിരിക്കുന്നത്. 2,000 പേർക്ക് ഇരിക്കാവുന്ന തരത്തിൽ 60 അടി നീളവും 40 അടി വീതിയുമുള്ള കൂറ്റൻ പന്തലാണ് സ്കൂൾ അങ്കണത്തിൽ നിർമ്മിച്ചിട്ടുള്ളത്.
Story Summary
Chief Minister V.D. Satheesan and other ministers from Ernakulam were accorded a grand reception by the Kochi Pouravali at the Kadavanthra Indoor Stadium, where mega star Mammootty made a surprise appearance to felicitate the CM. Later in the evening, another massive reception is organized in Satheesan’s home constituency, Paravur.

