കോഴിക്കോട്: മൂന്ന് കിലോഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയുമായി (MDMA) മുക്കം പോലീസ് പിടികൂടിയ കുപ്രസിദ്ധ ലഹരിക്കടത്ത് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി (Mukkam police drug case). കോഴിക്കോട് നീലേശ്വരം സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി പ്രതിയെ തീവണ്ടി മാർഗ്ഗം ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദര റെയിൽവേ സ്റ്റേഷന് സമീപം വച്ചാണ് ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് ട്രെയിനിൽ നിന്നും ചാടിയത്.
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് വൻ ലഹരിമരുന്ന് ശേഖരവുമായി ഹനീഫയെ മുക്കം പോലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ലഹരി മാഫിയകളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഡൽഹിയിൽ നിന്നും നിരന്തരമായി വൻതോതിൽ ലഹരിവസ്തുക്കൾ വാങ്ങി കേരളത്തിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്തിരുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം തേടിയുള്ള തെളിവെടുപ്പ് യാത്രയ്ക്കിടയിലാണ് പോലീസിന് ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചിരിക്കുന്നത്. ഗുജറാത്ത് റെയിൽവേ പോലീസിന്റെ സഹായത്തോടെ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary: Muhammad Haneefa, a drug trafficking accused arrested by Mukkam police with 3 kg of MDMA, escaped from police custody near Vadodara, Gujarat, while being taken to Delhi for evidence collection.

