ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ പഴക്കമുള്ള ഒരു തട്ടിക്കൊണ്ട് പോകൽ കേസ് പ്രധാന ചർച്ചാവിഷയമായി ഉയർന്നുവന്നതായി ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ സ്ഥിരീകരിച്ചു. 2016-ൽ ആംസ്റ്റർഡാമിൽ നിന്ന് തന്റെ രണ്ട് വയസ്സുള്ള മകൾ ‘ഇൻസിയ ഹെമാനി’യെ ഇന്ത്യൻ പൗരനായ പിതാവ് ഷെഹ്‌സാദ് ഹെമാനി തട്ടിക്കൊണ്ടുപോയി ഇന്ത്യയിലേക്ക് കടത്തിയ കേസാണിത്.(Insiya Hemani abduction case, PM Modi Netherlands Visit Dutch PM Raises Insiya Hemani Abduction Case With India)
ഡച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘കാറ്റ്‌ഷൂയിസിൽ’ വെച്ച് നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് താൻ ഈ വിഷയം മോദിക്ക് മുന്നിൽ നേരിട്ട് ഉന്നയിച്ചതായി ഡച്ച് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഇന്ത്യയും നെതർലൻഡ്‌സും തമ്മിൽ പുതിയ തന്ത്രപ്രധാന പങ്കാളിത്തത്തിൽ ഏർപ്പെടുമ്പോൾ, ഇത്തരം സങ്കീർണ്ണവും തർക്കവിഷയവുമായ കാര്യങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്താൻ വഴിതുറക്കുമെന്ന് ജെറ്റൻ പ്രത്യാശ പ്രകടിപ്പിച്ചു. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സിബി ജോർജ്ജ് വ്യക്തമാക്കി.
2016 സെപ്റ്റംബറിലാണ് ഡച്ച് പൗരത്വമുള്ള ഇൻസിയ ഹെമാനി എന്ന രണ്ട് വയസ്സുകാരിയെ ആംസ്റ്റർഡാമിലെ അമ്മൂമ്മയുടെ വീട്ടിൽ നിന്ന് ഒരു സംഘം ആളുകൾ ചേർന്ന് പകൽവെളിച്ചത്തിൽ തട്ടിക്കൊണ്ടുപോകുന്നത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുക്കൾക്ക് നേരെ അക്രമികൾ ഇലക്ട്രോ ഷോക്ക് ആയുധങ്ങൾ ഉപയോഗിച്ചിരുന്നു. ഡച്ച് കോടതി കുട്ടിയുടെ സംരക്ഷണ ചുമത അമ്മയായ നാദിയ റാഷിദിന് നൽകിയിരുന്ന പശ്ചാത്തലത്തിലായിരുന്നു ഈ ആസൂത്രിത കടത്തൽ. കുട്ടിയെ റോഡ് മാർഗ്ഗം ജർമ്മനിയിലെത്തിച്ച ശേഷം അവിടെനിന്നാണ് ഇന്ത്യയിലേക്ക് കടത്തിയത്. ഇപ്പോൾ 12 വയസ്സുള്ള ഇൻസിയ നിലവിൽ പിതാവിനൊപ്പം ഇന്ത്യയിലാണുള്ളത്.
Story Summary
The decade-old Insiya Hemani abduction case gained spotlight during PM Narendra Modi’s visit to the Netherlands. Dutch PM Rob Jetten confirmed raising the issue of the 12-year-old girl, who was allegedly kidnapped from Amsterdam in 2016 by her Indian father Shehzad Hemani. India’s MEA acknowledged the discussion but declined further comment as the matter is sub judice. A high-level Dutch delegation will soon visit India to facilitate a reunion between Insiya and her mother Nadia Rashid.

