പൂനെ: റെസ്റ്റോറന്റുകളിൽ ക്യുആർ കോഡ് മെനു സംവിധാനം വ്യാപകമാകുന്നതിനിടെ ഉപഭോക്താക്കളുടെ സ്വകാര്യതയെ സംബന്ധിച്ച ആശങ്ക വർദ്ധിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. പൂനെയിലെ എഫ്സി റോഡിലുള്ള പ്രശസ്തമായ ഒരു റെസ്റ്റോറന്റിൽ എത്തിയ ഋഷിക ദത്ത എന്ന യുവതിയുടെ ഫോൺ നമ്പർ ജീവനക്കാരൻ ദുരുപയോഗം ചെയ്തതായാണ് പരാതി. (Pune Restaurant Privacy Breach)
ഏപ്രിൽ 28-ന് റെസ്റ്റോറന്റ് സന്ദർശിച്ച ഋഷിക, ഡിജിറ്റൽ മെനു കാണുന്നതിനായി അവിടുത്തെ ക്യുആർ കോഡ് സ്കാൻ ചെയ്തിരുന്നു. അന്ന് അർദ്ധരാത്രിയോടെ അപരിചിതമായ ഒരു നമ്പറിൽ നിന്ന് യുവതിക്ക് സന്ദേശങ്ങൾ ലഭിച്ചു. അന്വേഷണത്തിൽ സന്ദേശം അയച്ചത് റെസ്റ്റോറന്റിലെ ജീവനക്കാരനാണെന്ന് വ്യക്തമായി. ക്യുആർ കോഡ് സ്കാൻ ചെയ്തപ്പോൾ നൽകിയ വിവരങ്ങളിൽ നിന്നാണ് ഇയാൾ ഫോൺ നമ്പർ കൈക്കലാക്കിയതെന്ന് ഋഷിക ആരോപിക്കുന്നു. വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചും സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചുമാണ് ഇയാൾ സന്ദേശങ്ങൾ അയച്ചത്.
സംഭവം വിവാദമായതോടെ ഋഷിക റെസ്റ്റോറന്റ് മാനേജ്മെന്റിനെ ബന്ധപ്പെട്ടു. പരാതിയെത്തുടർന്ന് ജീവനക്കാരനെ പുറത്താക്കിയതായി റെസ്റ്റോറന്റ് അധികൃതർ അറിയിച്ചു. എന്നാൽ, ജീവനക്കാരനെ പുറത്താക്കിയതിന്റെ രേഖാമൂലമുള്ള തെളിവ് നൽകാനോ ഔദ്യോഗികമായി മാപ്പ് പറയാനോ മാനേജ്മെന്റ് തയ്യാറായില്ലെന്ന് ഋഷിക ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തി. പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ റെസ്റ്റോറന്റ് പരസ്യമായി മാപ്പ് പറയുകയും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മുൻഗണന നൽകുമെന്നും അറിയിച്ചു.
ഡിജിറ്റൽവൽക്കരണത്തിന്റെ ഭാഗമായി റെസ്റ്റോറന്റുകളിൽ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകേണ്ടി വരുന്നത് സുരക്ഷിതമല്ലെന്ന ചർച്ചകൾക്ക് ഈ സംഭവം വഴിതുറന്നു. ആധാർ ഉൾപ്പെടെയുള്ളവയുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നത് ഗൗരവകരമായ സുരക്ഷാ വീഴ്ചയാണെന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അനുഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും പേപ്പർ മെനു ലഭ്യമല്ലാത്ത റെസ്റ്റോറന്റുകൾ ഒഴിവാക്കണമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
View this post on Instagram
Summary: A Pune woman, Rishika Dutta, alleged that a restaurant employee misused her phone number after she scanned a QR code for a digital menu. She received inappropriate texts late at night from the employee. While the restaurant claimed to have dismissed the individual and issued a public apology, the incident has sparked a debate on digital privacy and the risks of sharing contact details at eateries.

